ലോക ചാമ്പ്യന്മാര്‍ക്ക് ഇന്ന് ജീവന്മരണ പോരാട്ടം
ആദ്യ മത്സരത്തില്‍ മെക്സിക്കോക്ക് മുന്നില്‍ ഒരു ഗോളിന് തോറ്റ നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. തോറ്റാല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിപ്പിക്കാം.
ലോകകപ്പില്‍ ആദ്യജയം ലക്ഷ്യമിട്ട് ജര്‍മനി ഇന്നിറങ്ങുന്നു. സ്വീഡനാണ് എതിരാളികള്‍. മെക്സിക്കോക്കെതിരായ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ടീമിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
ആദ്യ മത്സരത്തില്‍ മെക്സിക്കോക്ക് മുന്നില്‍ ഒരു ഗോളിന് തോറ്റ നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. തോറ്റാല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിപ്പിക്കാം. മെക്സിക്കോയുടെ നിരന്തര മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോയ പ്രതിരോധത്തിലാണ് ടീമിന്‍റെ പ്രധാന ആശങ്ക. അവസരങ്ങള്‍ സൃഷ്ടിക്കുന്ന മുന്നേറ്റം ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നതും സൂപ്പര്‍ താരം തോമസ് മുള്ളര്‍ ഫോമിലേക്കുയരാത്തതും ടീമിന് തിരിച്ചടിയാണ്. ലോകകപ്പില്‍ 14 ഷോട്ടുകളില്‍ നിന്ന് 10 ഗോളുകള്‍ കണ്ടെത്തിയ തോമസ് മുള്ളര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ ഒറ്റ ഷോട്ടുപോലും തൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. മറുഭാഗത്ത് ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്വീഡന്‍റെ വരവ്. ജയിച്ചാല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. പരിക്കേറ്റ് ആദ്യ മത്സരത്തിനിറങ്ങാതിരുന്ന പ്രതിരോധ താരം വിക്ടര്‍ ലിന്‍ഡെലോഫ് ജര്‍മനിക്കെതിരെ ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. സോച്ചിയിലെ ഫിഷ്റ്റ് ഒളിംപിക് സ്റ്റേഡിയത്തില്‍ രാത്രി 11.30നാണ് മത്സരം.