കാല്‍പന്ത് പറയുന്ന രാഷ്ട്രീയം

ഏറ്റവും രൂക്ഷമായ വംശീയ പ്രശ്‌നങ്ങളിലൊന്നാണ് സെര്‍ബുകളും ബോസ്‌നിയാക്കുകളും ക്രോട്ടുകളും അല്‍ബേനിയന്‍ വംശജരും തമ്മിലുള്ളത്. സ്ഹാക്കയും ഷാക്കിരിയും ആ പ്രശ്നത്തെ ലോകത്തിന് മുന്നിലെത്തിക്കുകയായിരുന്നു...

Update: 2018-06-23 15:19 GMT
Advertising

ലോകകപ്പില്‍ ചിലപ്പോഴെങ്കിലും കളി രാഷ്ട്രീയമായി മാറാറുണ്ട്. 1998 ലോകകപ്പില്‍ ഇറാന്‍ അമേരിക്കയെ 2-1ന് തോല്‍പിച്ച മല്‍സരം അന്ന് നിലനിന്ന ഇറാന്‍ അമേരിക്ക പോരിന്റെ ഫുട്‌ബോള്‍ രൂപമായിരുന്നു. അത്തരം രാഷ്ട്രീയമൊന്നും പ്രതീക്ഷിക്കാതെയാകും വെള്ളിയാഴ്ച നടന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് സെര്‍ബിയ മല്‍സരം ഫുട്‌ബോള്‍ ആരാധകര്‍ കണ്ടത്. എന്നാല്‍, സെര്‍ബിയക്കെതിരെ ഗോള്‍ നേടിയ രണ്ട് കളിക്കാരുടെ ഗോളടിച്ച ശേഷമുള്ള ആഘോഷത്തിനിടെയുള്ള അംഗവിക്ഷേപങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

അല്‍ബേനിയയുടെ ദേശീയ ചിഹ്നമായ ഇരട്ടത്തലയുള്ള കഴുകന്റെ രൂപം കൈപ്പത്തിയില്‍ തീര്‍ത്തായിരുന്നു ആദ്യ ഗോളടിച്ച ഗ്രാനിറ്റ് സ്ഹാക്കയുടെ ആഘോഷം. കളിതീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിയിരിക്കെ, ലെഫ്റ്റ് വിങിലൂടെ ഓടിക്കയറി സെര്‍ദാന്‍ ഷാക്കിരി നേടിയ ഗോളിന് ശേഷം ഇതേ അംഗവിക്ഷേപം ആവര്‍ത്തിച്ചുവെന്ന് മാത്രമല്ല, ജഴ്‌സിയൂരി ഉരുക്ക് പോലുള്ള ശരീരം കാണിച്ച് ഗാലറിക്ക് അഭിവാദ്യമര്‍പ്പിച്ചു ഷാക്കിരി.

Full View

ഇതോടെയാണ് പലരും അത് ശ്രദ്ധിച്ചത്. സ്വിറ്റ്‌സര്‍ലാന്‍ഡ് പൗരന്മാരാണ് സ്ഹാക്കയും ഷാക്കിരിയും. എന്നാല്‍ ഇരുവരും അല്‍ബേനിയന്‍ വംശജരായ കൊസോവന്‍ അഭയാര്‍ത്ഥികളുടെ മക്കളാണ്. സ്ഹാക്കയുടെ മാതാപിതാക്കള്‍ മാര്‍ഷല്‍ ടിറ്റോയുടെ കാലത്ത് ഭരണകൂടത്തിനെതിരായ സമരങ്ങളുടെ പേരില്‍ ജയിലിലടക്കപ്പെട്ടിരുന്നു. 1990ല്‍ യൂഗോസ്ലാവിയയുടെ പതനത്തിന് രണ്ട് വര്‍ഷം മുമ്പ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അഭയാര്‍ഥികളായെത്തിയതാണ്. സ്ഹാക്ക ജനിച്ചത് സ്വിറ്റ്‌സര്‍ലാന്‍ഡിലാണ്. ഷാക്കിരി ജനിച്ചത് തന്നെ യൂഗോസ്ലാവിയയിലെ ജീലാനിലാണ്. 92ല്‍ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കുടിയേറുകയായിരുന്നു.

യൂഗോസ്ലാവിയയിലെ പതിനായിരം ചതുരശ്രകിലോമീറ്റര്‍ മാത്രം വരുന്ന പ്രദേശമാണ് കൊസോവ അല്ലെങ്കില്‍ കൊസോവോ. അല്‍ബേനിയന്‍ വംശജരാണ് ഇവിടെ ഭൂരിഭാഗവും. യൂഗോസ്ലാവിയ വിഭജിച്ച് സെര്‍ബിയ, ബോസ്‌നിയ ഹെര്‍സഗോവിന, ക്രൊയേഷ്യ എന്നീ മൂന്ന് രാജ്യങ്ങള്‍ വംശീയാടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ അല്‍ബേനിയന്‍ വംശജരായ കൊസോവക്കാരും സ്വയംഭരണമാവശ്യപ്പെട്ടു. സെര്‍ബിയ മോണ്ടിനെഗ്രോ എന്നറിയപ്പെട്ട അന്നത്തെ സെര്‍ബിയ അതംഗീകരിച്ചില്ലെന്ന് മാത്രമല്ല, കൊസോവ ഉയര്‍ത്തിയ സായുധ പോരാട്ടത്തെ അടിച്ചമര്‍ത്തി.

ബോസ്‌നിയയില്‍ സെര്‍ബ് കൂട്ടക്കൊല നടന്ന് തൊട്ടുടനെയായിരുന്നു കൊസോവയിലെ സെര്‍ബിയന്‍ ഇടപെടല്‍. വന്‍തോതിലുള്ള സിവിലിയന്‍ കൊലകളിലും പലായനത്തിലുമാണ് കൊസോവ യുദ്ധം കലാശിച്ചത്. അന്താരാഷ്ട്ര സമൂഹം ആദ്യം കൈകെട്ടി നിന്നെങ്കിലും മോണിക്ക ലെവിന്‍സ്‌കി വിവാദത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ബില്‍ ക്ലിന്റന്റെ നേതൃത്വത്തില്‍ നാറ്റോ സേന സെര്‍ബിയയില്‍ വ്യോമാക്രമണം നടത്തി. പതിവ് പോലെ യുഎന്‍ അനുമതിയൊന്നുമില്ലാത്ത ആക്രമണം വലിയ തോതില്‍ വിമര്‍ശനവും ക്ഷണിച്ചു വരുത്തി.

യൂഗോസ്ലാവിയയില്‍ മാര്‍ഷല്‍ ടിറ്റോക്കെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്നും ബോസ്‌നിയന്‍ കൊസോവന്‍ യുദ്ധങ്ങളെ തുടര്‍ന്നും യൂഗോസ്ലാവിയയില്‍ നിന്ന് യൂറോപ്പിലേക്ക് വലിയ തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹമുണ്ടായി. ഇന്നും ബാള്‍ക്കന്‍ മേഖലയിലെ ഈ വംശീയ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. കൊസോവയാകട്ടെ, 2008ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും ഇനിയും യുഎന്‍ അംഗത്വം ലഭിച്ചിട്ടില്ല.

ലോകത്തെ ഏറ്റവും രൂക്ഷമായ വംശീയ പ്രശ്‌നങ്ങളിലൊന്നാണ് ഇന്നും ബാള്‍ക്കന്‍ മേഖലയിലെ സെര്‍ബുകളും ബോസ്‌നിയാക്കുകളും ക്രോട്ടുകളും അല്‍ബേനിയന്‍ വംശജരും തമ്മിലുള്ളത്. അതിന്റെ വേരുകള്‍ കിടക്കുന്നത് മാര്‍ഷല്‍ ടിറ്റോയുടെ കാലത്താണ്. കമ്യൂണിസ്റ്റ് യൂഗോസ്ലാവ്യ ഇല്ലാതായപ്പോള്‍ പൊടുന്നനെ ഉയര്‍ന്നു വന്ന സ്ലാവ് വംശീയത സൃഷ്ടിച്ച വംശഹത്യകളും അഭയാര്‍ത്ഥിപ്രവാഹവും ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങാത്തിടത്തോളം കളിക്കളങ്ങള്‍ പ്രതീകാത്മക യുദ്ധക്കളങ്ങളായി തുടരും.

Tags:    

Similar News