പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് പാനമക്കെതിരെ
ആദ്യ മത്സരത്തില്‍ തുനീസ്യക്കെതിരെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ബെല്‍ജിയത്തിന്റെ മുന്നേറ്റത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ പ്രതിരോധത്തിലാണ് പാനമയുടെ ആശങ്ക...
ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ഇന്നിറങ്ങും. പാനമയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് വലിയ തോല്‍വി ഏറ്റുവാങ്ങിയ പാനമക്ക് ഇന്ന് തോറ്റാല്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിപ്പിക്കാം.
ആദ്യ മത്സരത്തില്‍ തുനീസ്യക്കെതിരെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇരട്ട ഗോള്‍ നേടി ടീമിന്റെ വിജയശില്‍പ്പിയായ നായകന്‍ ഹാരി കെയ്ന്‍ തന്നെയാണ് ടീമിന്റെ കരുത്ത്.
എന്നാല്‍ സ്‌റ്റെര്‍ലിങ്ങും റാഷ്‌ഫോര്‍ഡുമടങ്ങിയ മുന്നേറ്റ നിരക്ക് ആദ്യ മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. മത്സരത്തിനിടെ പരിക്കേറ്റ മധ്യനിര താരം ഡാലി അലി പാനമക്കെതിരെ ഇറങ്ങിയേക്കില്ല. പാനമയാണെങ്കില്‍ ബെല്‍ജിയത്തോട് 3-0ന്റെ വലിയ തോല്‍വി ഏറ്റുവാങ്ങിയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.
ബെല്‍ജിയത്തിന്റെ മുന്നേറ്റത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ പ്രതിരോധത്തിലാണ് ടീമിന്റെ ആശങ്ക. മാത്രമല്ല ഗോള്‍ പോസ്റ്റിലേക്ക് അടിച്ചതിലും കൂടുതല്‍ മഞ്ഞക്കാര്‍ഡുകള്‍ ബെല്‍ജിയത്തിനെതിരെ അവര്‍ വാങ്ങിക്കൂട്ടുകയും ചെയ്തു.
ഇനിയൊരു തോല്‍വി അവരുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളെ ഇല്ലാതാക്കും. അതുകൊണ്ടു തന്നെ പോരാടാനുറച്ചാകും ഇംഗ്ലണ്ടിനെതിരെ പാനാമ ഇറങ്ങുക.