‘ലോകകപ്പ് നേടാതെ വിരമിക്കില്ല’ മെസി
“പല കിരീടങ്ങളും ഞാന്‍ നേടിയിട്ടുണ്ട്. എങ്കിലും ലോകകപ്പ് വ്യത്യസ്ഥമാണ്. അവസാനം വരെ ശുഭാപ്തിവിശ്വാസമുണ്ട്. നാടിനുവേണ്ടി ലോകകിരീടം നേടാതെ സജീവ ഫുട്‌ബോളില്‍ നിന്നും എനിക്ക് വിരമിക്കാനാവില്ല”
ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. തന്റെ മുപ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷത്തിന് പിന്നാലെയാണ് തന്റെ ഫുട്‌ബോള്‍ ലോകകപ്പ് സ്വപ്‌നങ്ങള്‍ മെസി പങ്കുവെച്ചത്. ലോകകപ്പ് ഉയര്‍ത്താതെ ഫുട്‌ബോളില്‍ നിന്നും വിരമിക്കില്ലെന്നാണ് താരം പറഞ്ഞത്.
ഇന്ന് രാത്രി 11.30ന് ഗ്രൂപ്പ് ഡിയിലെ മരണപ്പോരാട്ടത്തില്‍ നൈജീരിയക്കെതിരെ കളിക്കാനിരിക്കെയാണ് മെസിയുടെ പരാമര്‍ശം. നിലവില്‍ ലോകകപ്പില്‍ നിന്നും പുറത്താകലിന്റെ വക്കിലാണ് അര്‍ജന്റീന. ആദ്യ രണ്ട് മത്സരങ്ങളിലും ജയിക്കാന്‍ കഴിയാതെ വന്നതോടെയാണ് മെസിയുടേയും അര്‍ജന്റീനയുടേയും ലോകകപ്പ് സ്വപ്‌നങ്ങള്‍ പ്രതിസന്ധിയിലായത്. ആദ്യമത്സരത്തില്‍ ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലന്റ് 1-1ന് അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചു. രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയുടെ 3-0ത്തിന്റെ ഷോക്കര്‍ കൂടിയായതോടെ അര്‍ജന്റീനയുടെ നില കൂടുതല്‍ ഗുരുതരമാവുകയായിരുന്നു.
നൈജീരിയ ഐസ്‌ലന്റിനെ തോല്‍പ്പിച്ചതോടെയാണ് വീണ്ടും ഡി ഗ്രൂപ്പില്‍ അര്‍ജന്റീന സ്വപ്‌നങ്ങള്‍ തലപൊക്കിയത്. നിലവില്‍ രണ്ട് മത്സരങ്ങളും ജയിച്ച ക്രൊയേഷ്യ മാത്രമാണ് ഗ്രൂപ്പില്‍ നിന്നും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. നൈജീരിയക്ക് മൂന്ന് പോയിന്റും ഐസ്‌ലന്റിനും അര്‍ജന്റീനക്കും ഓരോ പോയിന്റ് വീതവുമുണ്ട്. സമനില നേടിയാലും നൈജീരിയക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍ സാധ്യതകളുണ്ട്. മികച്ച ഗോള്‍ വ്യത്യാസത്തിലുള്ള ജയമായിരിക്കും ആഫ്രിക്കന്‍ സൂപ്പര്‍ ഈഗിള്‍സിനെതിരെ മെസിയും സംഘവും ലക്ഷ്യമിടുക.
നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ചായിരുന്നു മെസിക്കും അര്‍ജന്റീനക്കും ലോകകിരീടം നഷ്ടപ്പെട്ടത്. അന്ന് കലാശപോരാട്ടത്തില്‍ ജര്‍മ്മനിയോട് അധികസമയത്തെ ഒരുഗോളിനായിരുന്നു അര്‍ജന്റീന അടിയറവ് പറഞ്ഞത്. ഫുട്‌ബോളിലെ ലോകകിരീടം എന്നുവെച്ചാല്‍ തനിക്കെന്താണെന്ന് പിറന്നാള്‍ ദിനത്തില്‍ തന്നെ മെസി മനസുതുറക്കുകയായിരുന്നു.
'ഫുട്‌ബോള്‍ ലോകകിരീടം അര്‍ജന്റീനക്കും എനിക്കും ഏറെ പ്രിയപ്പെട്ടതാണ്. ലോകകപ്പ് ഉയര്‍ത്തുകയെന്നത് എക്കാലത്തും എന്റെ സ്വപ്‌നമാണ്. ആ നിമിഷത്തെക്കുറിച്ച് ഓര്‍ക്കുന്നതുതന്നെ രോമാഞ്ചമുണര്‍ത്തുന്നതാണ്. ആ നിമിഷം ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് അര്‍ജന്റീനക്കാരെ സന്തോഷിപ്പിക്കുമെന്നുറപ്പ്. അതുകൊണ്ട് ആ സ്വപ്‌നത്തെ ഞങ്ങള്‍ക്ക് അങ്ങനെയങ്ങ് വിട്ടുകളയാനാകില്ല.
പല കിരീടങ്ങളും ഞാന്‍ നേടിയിട്ടുണ്ട്. എങ്കിലും ലോകകപ്പ് വ്യത്യസ്ഥമാണ്. അവസാനം വരെ ശുഭാപ്തിവിശ്വാസമുണ്ട്. നാടിനുവേണ്ടി ലോകകിരീടം നേടാതെ സജീവ ഫുട്‌ബോളില്‍ നിന്നും എനിക്ക് വിരമിക്കാനാവില്ല'' മെസി പറയുന്നു.
നൈജീരിയയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകകിരീടമെന്ന സ്വപ്‌നത്തിനായി 2022 വരെയെങ്കിലും മെസിക്ക് കാത്തിരിക്കേണ്ടി വരും. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും മുന്നേറിയാലും എളുപ്പമാകില്ല അര്‍ജന്റീനയുടെ ഈ ലോകകപ്പിലെ പ്രയാണം. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായ ഫ്രാന്‍സാകും അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.