ഞാൻ പൗളീഞ്ഞോ; കുഴിമാടത്തിൽ നിന്നും ഉയർത്തെഴുന്നേറ്റവൻ 

എനിക്ക് പത്തൊമ്പത് വയസ് മാത്രമുണ്ടായിരുന്ന സമയത്തു ഫുട്ബോൾ പൂർണ്ണമായും അവസാനിപ്പിച്ചു ഞാൻ. ഒരു മാസത്തോളം മാനസിക സമ്മർദ്ദത്തിനടിമപ്പെട്ട് വീട്ടിൽതന്നെ കഴിച്ചുകൂട്ടി. 

Update: 2018-07-01 16:37 GMT
Advertising

അതൊരു ജൂൺ മാസത്തിലെ അവസാന വാരമായിരുന്നു. ഞങ്ങൾ ആസ്ട്രേലിയയിൽ അര്‍ജന്റീനക്കെതിരെ ഒരു സൗഹൃദ മത്സരം കളിച്ചുകൊണ്ടിരിക്കുന്നു. കളിക്കിടെ ലഭിച്ച ഒരു ഫ്രീകിക്ക് എടുക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഞങ്ങൾ. വില്ല്യാനും മറ്റൊരു കളിക്കാരനും പിന്നെ ഞാനും. ഫ്രീകിക്ക് എടുക്കുന്നത് ഞാനായിരുന്നില്ല. അപ്പോഴാണ് എന്റെ അരികിലേക്ക് ലയണൽ മെസി പതിയെ നടന്നുവരുന്നത് ഞാൻ കണ്ടത്. എന്റെ കണ്ണിൽ നോക്കി അദ്ദേഹം ചോദിച്ചു, "ബാഴ്സയിലേക്ക് വരുന്നോ?". കൂടുതലൊന്നും ചോദിക്കാനും പറയാനും നിൽക്കാതെ മെസി തിരിഞ്ഞുനടന്നു. ചിന്തിച്ചു നില്‍ക്കാൻ സമയമില്ലായിരുന്നു.

“നിങ്ങളെന്നെ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ തീർച്ചയായും വരാം”, നടന്നകലുന്ന മെസിയോട് ഞാൻ വിളിച്ചുപറഞ്ഞു.

വില്ല്യൻ ആ ഫ്രീകിക്ക് എടുക്കുന്ന ചെറിയ ഇടവേളയിൽ മെസി എന്നോട് ചോദിച്ച ആ ചോദ്യം എന്നെ നിരന്തരം വേട്ടയാടാൻ തുടങ്ങി. കാര്യമായിട്ടു തന്നെയാണോ, അതോ കളിയിലെ എന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണോ മെസി അത് ചോദിച്ചതെന്ന് ഞാൻ ആശ്ചര്യപ്പെട്ടു. ആ സമയത്തു ഞാൻ Guangzhou Evergrande എന്ന ചൈനീസ് ക്ലബ്ബിന് വേണ്ടി ചൈനീസ് സൂപ്പർ ലീഗിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബാഴ്‍സലോണക്ക് എന്നിൽ താല്‍പര്യമുണ്ടാകുമെന്നത് ആർക്കും വിശ്വാസയോഗ്യമായിരുന്നില്ല. മെസി എന്നെ കളിയാക്കിയതായിരിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നെ ആലോചിച്ചു, ഒരു സൗഹൃദ മത്സരത്തിനിടയിൽ എന്റെ ശ്രദ്ധ തിരിക്കാൻ മെസി എന്തിന് ആ ചോദ്യം ചോദിക്കണം?

കളി കഴിഞ്ഞപ്പോൾ ഞാൻ എന്റെ ജഴ്സി ഊരിയെടുത്തു സെക്യൂരിറ്റിയെ ഏല്‍പ്പിച്ചു അത് മെസിക്ക് കൊടുക്കാൻ ആവശ്യപ്പെട്ടു. അർജന്റീനയുടെ ഡ്രസിങ് റൂമിൽ പോയി തിരികെ വന്ന സെക്യൂരിറ്റി മെസിയുടെ ജേഴ്സി എനിക്ക് നൽകി. ഇത് ശരിക്കും സത്യം തന്നെയോ എന്ന ഞാൻ ആശങ്കപ്പെട്ടു. ആസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഞങ്ങൾ ചൈനയിലേക്ക് തിരിച്ചു പോയി. ഒരു മാസത്തോളം ട്രാൻസ്ഫെറിനെ കുറിച്ച് ഒരു വാർത്തയും ഉണ്ടായിരുന്നില്ല. ഫുട്ബോൾ ആസ്വദിച്ചു കളിക്കുന്നതിനിടയിൽ ഞാനക്കാര്യം പൂർണ്ണമായും മറന്നു പോയിരുന്നു. അങ്ങനെയിരിക്കെ ജൂലൈയിൽ വീണ്ടും ബാഴ്‍സയിലേക്കുള്ള എന്റെ കൂടുമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരക്കാൻ തുടങ്ങി.

ഞാനെന്റെ ഏജന്റിനെ വിളിച്ചു അദ്ദേഹത്തോട് പറഞ്ഞു, "ബോസ്, എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്. ഈ കേൾക്കുന്ന വാർത്തയിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ"?. അദ്ദേഹം പറഞ്ഞു: അതിനെ കുറിച്ച് കൃത്യമായൊരു മറുപടി പറയാൻ പ്രയാസമാണ്. ഈ വാർത്ത ശരിയാവാനും തെറ്റാവാനും സാധ്യതയുണ്ട്". ഞാനെന്റെ ആശങ്ക നെയ്മറുമായും പങ്ക് വെച്ചു. പക്ഷെ അദ്ദേഹം ബാഴ്‍സയിലേക്കുള്ള അദ്ദേഹത്തിന്റെ ട്രാൻസ്ഫെറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിരക്കിലായിരുന്നതിനാൽ അദ്ദേഹത്തിനും കൃത്യമായ ഒരു മറുപടി നല്‍കാൻ സാധിച്ചില്ല.

നിങ്ങൾക്കറിയാമല്ലോ, ട്രാൻസ്ഫറിന്റെ കാര്യം പ്രവചനാതീതമാണ്. മാത്രമല്ല, ചൈനയിൽ ആസ്വദിച്ചു ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാനപ്പോൾ. ബാഴ്‍സയിലേക്കുള്ള ട്രാൻസ്ഫെറിനെ കുറിച്ചുള്ള വാർത്തകൾ വരുന്നത് വരെ തീർത്തും സമാധാനപരമായാണ് ഞാനും ഭാര്യയും അവിടെ ജീവിച്ചിരുന്നത്. ആഗസ്റ്റോടു കൂടി ട്രാൻസ്ഫെറുകളുടെ സമയം ഏതാണ്ട് അവസാനിച്ചിരുന്നു. ആ വാരാന്ത്യത്തിൽ ഞങ്ങൾ ചൈനീസ് ചാമ്പ്യൻഷിപ്പിന് വേണ്ടി കളിക്കുകയായിരുന്നു. ഞങ്ങളുടെ അപ്പാർട്മെന്റിൽ ബ്രസീലിൽ നിന്നും വന്ന ചില സുഹൃത്തുക്കളും താമസിക്കുന്നുണ്ടായിരുന്നു.

അന്ന് രാത്രി ഏജന്റ് എന്നെ ഫോണിൽ വിളിച്ചു. "ഡീൽ നടന്നു കഴിഞ്ഞു. കോൺട്രാക്ട് പേപ്പറുകളിൽ ഒപ്പുവെക്കാൻ നിങ്ങൾ നാളെത്തന്നെ ബാഴ്‍സലോണയിലെത്തണം", അദ്ദേഹം പറഞ്ഞു. എനിക്കത് വിശ്വസിക്കാനായില്ല. ഞാനദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: "സത്യം തന്നെയാണോ നിങ്ങൾ പറയുന്നത്"? പറഞ്ഞത് സത്യമാണെന്നും ബാഴ്‍സലോണ എനിക്ക് വേണ്ടി പണം നൽകിയെന്നും നാളെത്തന്നെ ഞാൻ ബാഴ്‍സലോണയിലേക്ക് തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെളുപ്പിന് നാലു മണിക്കായിരുന്നു ആ ഫോൺ കാൾ. എന്റെ കൂടെ ബ്രസീലിൽ നിന്ന് വന്ന സുഹൃത്തുക്കളുണ്ട് എന്നും പോകാൻ പ്രയാസമാണെന്നും അദ്ദേഹത്തോട് പറഞ്ഞപ്പോൾ അവരെയും കൂട്ടി അടുത്ത വിമാനത്തിൽ തന്നെ ബാഴ്‍സലോണയിലേക്ക് തിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ബാഗ് പാക്ക് ചെയ്ത് ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു. കാറിന്റെ പിൻസീറ്റിലിരുന്ന് ഹൈവേയിലേക്ക് നോക്കിക്കൊണ്ടിരുന്നപ്പോൾ ഞാൻ മനസ് കൊണ്ട് കണ്ടു....... ലയണൽ ആന്ദ്രേ മെസി. ഇതെന്റെ ജീവിത കഥയുടെ ഒരംശം മാത്രമാണ്. ചൈനീസ് ക്ലബ്ബിൽ നിന്നും ബാഴ്‍സലോണയിലേക്കുള്ള കൂടുമാറ്റത്തേക്കാൾ വിചിത്രമാണ് എന്റെ മുഴുവൻ ജീവിതകഥ.

എനിക്ക് പത്തൊമ്പത് വയസ് മാത്രമുണ്ടായിരുന്ന സമയത്തു ഫുട്ബോൾ പൂർണ്ണമായും അവസാനിപ്പിച്ചു ഞാൻ. ഒരു മാസത്തോളം മാനസിക സമ്മർദ്ദത്തിനടിമപ്പെട്ട് വീട്ടിൽതന്നെ കഴിച്ചുകൂട്ടി. 2008 ലെ ഒരു വേനല്‍ക്കാലത്തായിരുന്നു ഇത്. ലിതുവാനിയയിലും പോളണ്ടിലും കളിച്ചു സാവോ പോളോയിലെ വീട്ടിൽ തിരിച്ചെത്തിയിരിക്കുകയായിരുന്നു. ലിത്വനിയയിൽ ഞങ്ങൾക്കുണ്ടായ അനുഭവം വേദനാജനകമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ രീതിയിലുള്ള വംശീയാധിക്ഷേപമാണ് അവിടെ വെച്ച് നേരിടേണ്ടിവന്നത്. ആ അനുഭവം അവസാനത്തേതായിരുന്നില്ല. തെരുവുകളിലൂടെ നടന്നു പോകുമ്പോൾ ആളുകൾ വന്ന് അകാരണമായി പ്രകോപനമുണ്ടാക്കുകയും പല പേരുകളും വിളിച്ചു അധിക്ഷേപിക്കുകയും ചെയ്യും. മൈതാനമധ്യത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ എതിർടീമിന്റെ ആരാധകർ കുരങ്ങുകളുടെ ശബ്ദമുണ്ടാക്കുകയും ഞങ്ങൾക്ക് നേരെ നാണയത്തുട്ടുകളെറിയുകയും ചെയ്യും. നിരാശാജനകമായ ഒരനുഭവം തന്നെയായിരുന്നു അത്.

അത് ഞങ്ങളുടെ രാജ്യമല്ലെന്നും അത്തരം അനുഭവങ്ങൾ അതിജീവിക്കേണ്ടതാണെന്നും അറിയാമായിരുന്നെങ്കിലും അത്തരം നീചമായ പെരുമാറ്റം ആരും അര്‍ഹിക്കുന്നില്ലെന്ന് തന്നെയാണെന്റെ വിശ്വാസം. ലിത്വാനയിലെ സീസണിന് ശേഷം ഞാൻ പോളണ്ടിലേക്ക് കളിക്കാൻ പോയെങ്കിലും ഈ അനുഭവം എന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. എന്റെ കുടുംബത്തിന് നല്ലൊരു ജീവിതം സമ്മാനിക്കാൻ പതിനേഴാം വയസ്സിൽ ബ്രസീലിൽ നിന്നും യാത്രതിരിച്ചതായിരുന്നു ഞാൻ. പിന്നീട് രണ്ടു വർഷത്തിന് ശേഷം തിരിച്ചെത്തുമ്പോൾ എനിക്ക് ഫുട്ബോളിനോടുള്ള താല്പര്യം തന്നെ നഷ്ടമായിരുന്നു. എന്റെ മാതാപിതാക്കളോടും മുൻ ഭാര്യയോടും ഏജന്റിനോടും ഞാൻ പറഞ്ഞു:

“എനിക്ക് വയ്യ ഇനി ഫുട്ബോൾ കളിക്കാൻ.”

പക്ഷെ, എന്റെ മുൻ ഭാര്യ, അവളാണെന്റെ കരിയർ രക്ഷപ്പെടുത്തിയത്. ഫുട്ബോൾ അല്ലാതെ മറ്റൊന്നും വശമില്ലാത്ത ഞാൻ കാൽപ്പന്തുകളി അവസാനിപ്പിക്കരുതെന്ന് അവളെന്നോട് പറഞ്ഞു. അങ്ങനെ വന്നാൽ എന്റെ അച്ഛനുമമ്മക്കും എന്റെ മേലുണ്ടായിരുന്ന സ്വപ്നങ്ങളെയായിരിക്കും ഞാൻ തകർത്തു കളയുന്നതെന്നും അവളെന്നെ ഓർമ്മിപ്പിച്ചു.

അവൾ പറഞ്ഞത് ശരിയായിരുന്നു. അഞ്ചു വയസ്സ് മുതൽ Zona Norte യിലെ തെരുവുകളിൽ പന്ത് തട്ടാൻ തുടങ്ങിയത് മുതൽ എന്റെ അമ്മയുമുണ്ടായിരുന്നു എന്റെ കൂടെ. കുഞ്ഞായിരിക്കുമ്പോൾ കാല്പന്തുകളിയോടുള്ള ഇഷ്ടം കാരണം രാത്രികളിൽ എനിക്കുറക്കം വന്നിരുന്നില്ല. നേരം വെളുക്കുന്നതും കാത്തു ചുമരിൽ കണ്ണും നട്ട് കിടക്കും ഞാൻ. ഞാൻ വീണ്ടും കാല്‍പന്തുകളിയുമായി ചങ്ങാത്തത്തിലായി. പതിയെ പതിയെ ഞാൻ തിരികെ വന്നു. കൊറീന്ത്യന്‍സിൽ കളിക്കുമ്പോളാണ് എന്റെ ജീവിതം മാറ്റി മറിച്ച ഒരു മനുഷ്യനെ ഞാൻ കണ്ടുമുട്ടുന്നത്. പ്രൊഫസർ ടിറ്റെ. ഫുട്ബോളിനുപരിയായിരുന്നു ഞങ്ങൾക്കിടയിലെ ബന്ധം. എന്റെ കണ്ണിൽ നോക്കി എന്റെ വികാരങ്ങളെ മനസ്സിലാക്കാൻ കഴിവുള്ള ആളായിരുന്നു അദ്ദേഹം. ഞങ്ങൾക്ക് പരസ്പരം വാക്കുകൾ ഉപയോഗിക്കേണ്ടതായിട്ട് പോലുമുണ്ടായിരുന്നില്ല.

ആയിടക്കാണ് എനിക്ക് ഇന്റർമിലാനിലേക്ക് ഒരു ഓഫർ വരുന്നത്. മൈതാനത്തു പരിശീലനത്തിലേർപ്പെട്ടിരുന്ന ഞാൻ ഞാൻ വേഗം ടിറ്റെയുടെ അടുത്തേക്ക് പോയി. അദ്ദേഹത്തോട് കാര്യം പറഞ്ഞു. എന്റെ കരിയറിന്റെ കാര്യമായതിനാൽ ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഞാനാണെന്നും പറഞ്ഞു എന്നോട് ലോക്ക് റൂമിൽ പോയിരുന്നു ആലോചിച്ചു തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ ആ ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചപ്പോൾ ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം.

ടിറ്റെയോട് കൂടെ കൊറിന്ത്യന്‍സിൽ ചിലവഴിച്ച നാലു വർഷങ്ങൾ എന്റെ ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളായിരുന്നു. പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് വേണ്ടി കളിച്ചു കൊണ്ടിരിക്കെ രണ്ടാം സീസണിൽ എന്റെ പ്രകടനം വളരെ മോശമായി. ആളുകൾക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ആ സമയത്തും എന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന ഒരേയൊരു മനുഷ്യനായിരുന്നു ടിറ്റെ. സ്‍പ്രസിലെ എന്റെ പ്രകടനവും മോശമായതിനാൽ അവരോട് ഞാൻ പറഞ്ഞു, നല്ലൊരു ഓഫർ കിട്ടുകയാണെങ്കിൽ ഞാൻ മറ്റൊരു ക്ലബ്ബിലേക്ക് മാറാൻ തയ്യാറാണെന്ന്. ആ വേനൽ കാലത്തു സ്‍പര്‍സ് ക്ലബിന് ഗ്വാങ്സു എവര്‍ഗ്രാന്‍ഡേയിൽ നിന്നും സ്ഥിരമായ ഒരു ട്രാൻസ്ഫർ ഓഫർ ലഭിച്ചു. സുഹൃത്തുക്കളൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചൈനയിലേക്ക് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. 2016 ൽ ടിറ്റെ ബ്രസീൽ മാനേജറായി നിയമിക്കപ്പെട്ടു. അദ്ദേഹം തീർച്ചയായും അർഹിച്ച ഒരു ഉത്തരവാദിത്തം തന്നെയായിരുന്നു അത്. എങ്കിലും, 2014 ലെ ബ്രസീൽ ടീമിന്റെ വേൾഡ് കപ്പ് സ്ക്വാഡിലേക്ക് അദ്ദേഹം എന്നെ ക്ഷണിക്കുമെന്ന് ഞാനൊരിക്കലും കരുതിയിട്ടുണ്ടായിരുന്നില്ല. പക്ഷെ, ടീമിൽ എനിക്കുമിടം നൽകി അദ്ദേഹം.

ബാഴ്സലോണയിൽ കളിയ്ക്കാൻ പോകുമ്പോൾ എന്റെ ഭാര്യ ഗർഭിണിയായിരുന്നു. 28 ആഴ്ചകൾ മാത്രം പിന്നിട്ടപ്പോൾ അവൾക്ക് വേദന വന്നു. ഞങ്ങളുടെ ഇരട്ടകുഞ്ഞുങ്ങൾക്ക് പൂർണ്ണ വളർച്ച എത്തിയിട്ടില്ലെന്നും ഇപ്പോൾ പ്രസവം നടന്നാൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ഡോക്ടർ പറഞ്ഞു. അവൾ പോരാടുക തന്നെ ചെയ്തു. ഇരുപതോളം ദിവസങ്ങൾ. രാത്രി ഞാൻ അവള്‍ക്കരികിൽ ഇരിക്കും. പകൽ പന്ത് തട്ടും. ഒക്ടോബർ മുപ്പതാം തിയ്യതി ബാഴ്സയ്ക്കു വേണ്ടി ഗ്രീസിൽ ഒരു ചാമ്പ്യൻസ് ലീഗ് കളിയ്ക്കാൻ പോകേണ്ടതുണ്ടായിരുന്നു എനിക്ക്. അന്ന് രാത്രി എനിക്ക് ബാര്‍ബറയുടെ ഫോൺ വന്നു. ഞങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ രണ്ടു കുഞ്ഞുമക്കളും കടന്നുവന്നിരിക്കുന്നു. ഞാനൊരുപാട് കരഞ്ഞു. നേരത്തെ പ്രസവം നടന്നതിനാൽ രണ്ടു മാസത്തോളം അവർ ഇന്‍കുബേറ്ററിലായിരുന്നു. ഡിസംബർ ഇരുപത്തിമൂന്നാം തിയ്യതി അവർ വീട്ടിലേക്ക് വന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ് സമ്മാനമായിരുന്നു അത്.

ജീവിതം എന്നും യാദൃശ്ചികതകൾ നിറഞ്ഞതാണ്. കാല്‍പന്തുകളിയിൽ ഉയർച്ചയും താഴ്ചയുമുണ്ടാകും. നമ്മളെവിടെയെത്തി എന്നതിലുപരിയാണ് ഫുട്ബോളിനോടുള്ള നമ്മുടെ ഇഷ്ടം. കളി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ നമ്മുടെ കുഞ്ഞുമക്കൾ നമ്മുടെ കണ്ണിൽ നോക്കി പപ്പാ എന്ന് വിളിക്കുമ്പോഴുണ്ടാവുന്നത് തന്നെയാണ് യഥാർത്ഥ ആനന്ദം. കളിയിൽ വിജയിച്ചാലുമില്ലെങ്കിലും.

ദ പ്ലയേഴ്‍സ്‍ ട്രിബ്യൂണില്‍ പൗളീഞ്ഞോ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ: ഇര്‍ഫാന്‍ ആമയൂര്‍

Tags:    

Similar News