ലോകകപ്പ് ഫൈനലിലേക്ക് ഗുഹക്കുള്ളിൽ അകപ്പെട്ട കുട്ടികളേയും കോച്ചിനേയും ക്ഷണിച്ച് ഫിഫ
തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ പുറത്തെടുക്കാന്‍ മൂന്ന് നാല് മാസം വരെ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
തായ്‍ലൻഡിലെ ഗുഹക്കുള്ളിൽ അകപ്പെട്ട കുട്ടികളെയും ഫുട്‌ബോൾ പരിശീലകനെയും ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ച് ഫിഫ. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെഴുതിയ കത്തിലാണു കുട്ടികളെ ക്ഷണിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഫിഫ അറിയിച്ചു.
ഗുഹയിൽ അകപ്പെട്ട 13 പേരെയും എത്രയും പെട്ടെന്നു രക്ഷിക്കാന്‍ കഴിയട്ടെ. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ജൂലൈ 15ന് മോസ്കോയിൽ നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ അതിഥികളായി അവരെ ക്ഷണിക്കാന്‍ ആഗ്രഹമുണ്ട്– ഫിഫ പ്രസിഡന്റ് പറഞ്ഞു. കുട്ടികൾക്കും രക്ഷാപ്രവർത്തകർക്കും ആവേശം പകരാൻ ഈ സന്ദേശത്തിനു കഴിയുമെന്നാണു കരുതുന്നത്.
തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട പതിമൂന്ന് പേരില്‍ ചിലര്‍ ധരിച്ചിരിക്കുന്നത് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയാണ്. മറ്റ് ചിലര്‍ ചെല്‍സിയുടേയും. ഫുട്‌ബോളിനെ അടുത്ത് സ്‌നേഹിക്കുന്ന കുട്ടികളേയും കോച്ചിനേയും ലോകകപ്പ് ഫൈനല്‍ കാണുന്നതിന് വേണ്ടി ക്ഷണിച്ചിരിക്കുകയാണ് ഫിഫ തലവന്‍ ഫിഫ ഗിയാനി ഇന്‍ഫാവന്റിനോ.
തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ പുറത്തെടുക്കാന്‍ നാല് മാസം വരെ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിന് വളരെ മുമ്പ് തന്നെ ലോകകപ്പ് ജൂലൈ 15നാണ് റഷ്യന്‍ ലോകകപ്പിലെ കലാശപോരാട്ടം. ലോകകപ്പ് ഫൈനല്‍ കാണുന്നതിനായി ഫിഫ ഇവരെ ക്ഷണിച്ചിരിക്കുന്നതിന് പുറമെ, അമേരിക്കന്‍ ബിസിനസ് വമ്പനായ എലന്‍ മസ്‌ക് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനുള്ള ദൗത്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇവരെ ഗുഹയിൽനിന്നു പുറത്തെത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കാലാവസ്ഥ വഷളാകുന്നതും, കുട്ടികള്‍ കഴിയുന്നിടത്തെ ഓക്‌സിജന്റെ അളവ് കുറഞ്ഞു വരുന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നത്. കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് രക്ഷപ്പെടുത്താനുള്ള വഴിയും പരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നീന്തല്‍ അറിയാവുന്നവരെ ആദ്യമാദ്യം പുറത്തെത്തിക്കാനാകും ശ്രമം. ഗുഹക്കുള്ളിൽ രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും കുട്ടികൾക്കൊപ്പമുണ്ട്. അവിടേക്കു വൈദ്യുതിയും ഇന്റർനെറ്റ് കണക്‌ഷനും എത്തിക്കാൻ കേബിളുകൾ വലിക്കുന്ന ജോലി തുടരുന്നു.