ഫൈനല്‍ നിയന്ത്രിക്കുന്നത് അര്‍ജന്റീനയുടെ നെസ്റ്റോര്‍ പിറ്റാന
പിറ്റാന ഉള്‍പ്പടെ മൂന്ന് അര്‍ജന്റീനക്കാര്‍ ഇത്തവണ ഫൈനലില്‍ റഫറിമാരായുണ്ടാകും. ഹോളണ്ടില്‍ നിന്നുള്ളവരാണ് ശേഷിച്ച രണ്ട് അസിസ്റ്റന്റ് റഫറിമാര്‍.
ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിക്കുക അര്‍ജന്റീനക്കാരനായ നെസ്റ്റോര്‍ പിറ്റാന . പിറ്റാന ഉള്‍പ്പടെ മൂന്ന് അര്‍ജന്റീനക്കാര്‍ ഇത്തവണ ഫൈനലില്‍ റഫറിമാരായുണ്ടാകും. ഹോളണ്ടില്‍ നിന്നുള്ളവരാണ് ശേഷിച്ച രണ്ട് അസിസ്റ്റന്റ് റഫറിമാര്‍. ലോകകപ്പ് ഫൈനലിന് മെസിയും കൂട്ടരും ഗ്രൗണ്ടിലിറങ്ങുന്നതും കാത്തിരിപ്പായിരുന്നു അര്‍ജന്റീനയുടെ ആരാധകര്‍. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ തന്നെ ആ പ്രതീക്ഷ അസ്മതിച്ച അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.
ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞില്ലെന്ന സങ്കടം അര്‍ജന്റീനന്‍ ആരാധകരേ മറന്നോളൂ. ഫ്രാന്‍സ്-ക്രൊയേഷ്യ ലോകകപ്പ് ഫൈനലിന് ലുഷ്നിക്കിയില്‍ പന്തുരുളുമ്പോള്‍ കളി നിയന്ത്രിക്കാന്‍ ഗ്രൗണ്ടിലും പുറത്തുമായി മൂന്ന് അര്‍ജന്റീനക്കാരുണ്ടാകും. പ്രധാന റഫറി നെസ്റ്റോര്‍ പിറ്റാനയും സഹ റഫറിമാരായ ഹെര്‍നാന്‍ മൈഡാനയും ജുവാന്‍ പി ബെലാറ്റിയും അര്‍ജന്റീനക്കാര്‍. റഷ്യന്‍ ലോകകപ്പിന്റെ ആദ്യ വിസില്‍ മുഴക്കിയതും ഫൈനല്‍ നിയന്ത്രിക്കുന്ന നെസ്റ്റോര്‍ പിറ്റാന.
ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ മത്സരവും ക്രൊയേഷ്യയുടെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടവും നിയന്ത്രിച്ചതിന്റെ അനുഭവ പരിചയവുമായാണ് പിറ്റാന ഫൈനലിനെത്തുന്നത്. റഷ്യന്‍ ലോകകപ്പിന് ടിക്കറ്റ് കിട്ടാത്ത ഹോളണ്ടിനുമുണ്ട് സന്തോഷിക്കാന്‍ വക. ഫൈനല്‍ മത്സരത്തിന് നിയോഗിക്കപ്പെട്ട 2 സഹ റഫറിമാര്‍ ഹോളണ്ടുകാരാണ്.ബ്യോണ്‍ കുയ്പ്പേഴ്സും എര്‍വിന്‍ സെയിന്‍സ്ട്രയും. ഫൈനല്‍ മത്സരത്തിനിറങ്ങുന്ന ഫ്രാന്‍സിന് അര്‍ജന്റീനക്കാരനായ റഫറിയെന്ന് കേട്ടാല്‍ നെഞ്ചിടിപ്പ് കൂടും. ഇതാദ്യമായല്ല ഫ്രാന്‍സ് ഇറങ്ങുന്ന ഫൈനലിന് അര്‍ജന്റീനന്‍ റഫറി കളി നിയന്ത്രിക്കാനെത്തുന്നത്.
ഫ്രാന്‍സ് ഇറ്റലിയോട് തോറ്റ 2006ലെ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന് നേരെ ചുവപ്പ് കാര്‍ഡ് നീട്ടിയത് അര്‍ജന്റീനക്കാരനായ ഹൊരാസിയോ അലിസോന്‍ഡോയായിരുന്നു. ഫൈനലിന് മുമ്പള്ള കഠിന പരിശ്രമത്തിലാണ് കളി നിയന്ത്രിക്കുന്ന റഫറിമാരും ഇപ്പോള്‍.