കണ്ടുപഠിക്കണം എംബാപ്പെയെ... ലോകകപ്പ് കളിച്ച് കിട്ടിയ മുഴുവന്‍ പണവും ചാരിറ്റിക്ക് നല്‍കി ഫ്രഞ്ച് താരം

ഓരോ ലോകകപ്പും ചില സുവര്‍ണതാരങ്ങളുടെ ഉദയത്തിനും കുതിപ്പിനും സാക്ഷിയാകാറുണ്ട്. വെടിയുണ്ട പോലെ പന്തും റാഞ്ചി പായുന്ന കെയ്‍ലിയന്‍ എംബാപ്പെ റഷ്യന്‍ ലോകകപ്പില്‍ അസാധ്യ പ്രഭാവത്തോടെ ഉദിച്ചുയര്‍ന്ന പ്രതിഭയാണ്

Update: 2018-07-17 15:46 GMT
Advertising

ഓരോ ലോകകപ്പും ചില സുവര്‍ണതാരങ്ങളുടെ ഉദയത്തിനും കുതിപ്പിനും സാക്ഷിയാകാറുണ്ട്. മൈതാനത്ത് വെടിയുണ്ട പോലെ പന്തും റാഞ്ചി പായുന്ന ഫ്രഞ്ച് യുവതാരം കെയ്‍ലിയന്‍ എംബാപ്പെ, റഷ്യന്‍ ലോകകപ്പില്‍ അസാധ്യ പ്രഭാവത്തോടെ ഉദിച്ചുയര്‍ന്ന പ്രതിഭയാണ്.

ഏതൊരു യുവതാരത്തിനും അസൂയ തോന്നിക്കും വിധത്തിലുള്ള വ്യക്തിഗത പ്രകടനങ്ങള്‍ കാഴ്ചവെച്ചാണ് എംബാപ്പെ കാല്‍പ്പന്ത് പ്രേമികളുടെ നെഞ്ചില്‍ കുടിയേറിയത്. ചരിത്രത്തില്‍ രണ്ടാം വട്ടം ഫ്രാന്‍സ് ലോക കിരീടത്തില്‍ മുത്തമിടുമ്പോള്‍ എംബാപ്പെ എന്ന മിന്നല്‍ താരത്തിന്‍റെ ബൂട്ടുകളുടെ കരുത്ത് ചെറുതല്ല. ഫൈനലില്‍ നേടിയ ഒരു ഗോളടക്കം ടൂര്‍ണമെന്‍റില്‍ നാലു ഗോളുകളാണ് എംബാപ്പെ എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചത്. ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിനെ പോലെ മൈതാനത്ത് പന്തുമായി കുതിച്ച് പായുന്ന എംബാപ്പെക്ക് സ്വന്തമായി ഗോളടിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഗോളവസരങ്ങള്‍ കുറച്ചൊന്നുമല്ല ഈ കൌമാരക്കാരന്‍ സൃഷ്ടിച്ചതും.

ഇപ്പോഴിതാ ലോകത്തിന് തന്നെ മാതൃകയാകുകയാണ് ഈ 19 കാരന്‍. ലോകകപ്പ് കളിച്ച് കിട്ടിയ മുഴുവന്‍ പണവും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തിരിക്കുകയാണ് എംബാപ്പെ. ലോകകപ്പ് ടൂര്‍ണമെന്‍റില്‍ നിന്ന് 553,000 ഡോളറാണ് (3.79 കോടി രൂപ) എംബാപ്പെക്ക് സമ്പാദിക്കാനായത്. ഇതു മുഴുവന്‍ സന്നദ്ധ സേവനങ്ങള്‍ക്കായി ചെലവഴിക്കാന്‍ സംഭാവന ചെയ്തിരിക്കുകയാണ് എംബാപ്പെ. ഒരു മത്സരത്തില്‍ നിന്ന് 29,000 ഡോളറാണ് എംബാപ്പെക്ക് പ്രതിഫലം ലഭിക്കുന്നത്. ഒപ്പം കിരീടം നേടിയ ടീമിനുള്ള ബോണസും കൂടിയാണ് എംബാപ്പെ സംഭാവന ചെയ്തത്. ഭിന്നശേഷിക്കാരായ കുട്ടി കായിക താരങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക ചെലവഴിക്കുക.

റഷ്യന്‍ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള കിരീടത്തില്‍ മുത്തമിട്ടതിനൊപ്പം ലോകത്തിന്‍റെ മാനസ പുത്രനായ എംബാപ്പെ, ഭാവിയില്‍ ബാലന്‍ ഡി ഓര്‍ പുരസ്കാര വേട്ടക്കാരനാകുമെന്നാണ് ഫുട്ബോള്‍ ലോകത്തു നിന്നുള്ള പ്രവചനങ്ങള്‍.

Tags:    

Similar News