ഇഞ്ചുറിടൈമില്‍ കൊമ്പന്മാരെ പിടിച്ചുകെട്ടി മുംബൈ 

94ആം മിനുറ്റുവരെ മുന്നില്‍ നിന്ന ശേഷമാണ് നാട്ടുകാര്‍ക്ക് മുമ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്.

Update: 2018-10-05 15:59 GMT
Advertising

ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായി രണ്ടാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ മുംബൈ സിറ്റി എഫ്.സി സമനിലയില്‍ തളച്ചു. 94ആം മിനുറ്റുവരെ മുന്നില്‍ നിന്ന ശേഷമാണ് നാട്ടുകാര്‍ക്ക് മുമ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്.

മത്സരത്തിന്‍റെ 24–ാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍. നര്‍സാരിയുടെ പാസില്‍നിന്ന് പാഴാക്കിക്കളഞ്ഞ അവസരത്തിന് ദുംഗലിന്റെ പരിഹാരമായിരുന്നു ആ ഗോള്‍. ബോക്‌സിനുള്ളില്‍ ദുംഗല്‍ നല്‍കിയ പാസില്‍ ഹാലി ചരണ്‍ നര്‍സാരിയുടെ കിടിലന്‍ ഫിനിഷിങ്. നിക്കോള ക്രമാരവിച്ചിന്റെ ബാക്ക്ഹീല്‍ പാസില്‍നിന്ന് പന്ത് ബോക്‌സിനുള്ളില്‍ ദുംഗലിന്. ആളൊഴിഞ്ഞുനില്‍ക്കുന്ന നര്‍സാരിയില്‍ കണ്ണയച്ച് ദുംഗല്‍ പന്തു നീട്ടിനല്‍കി. ആവശ്യത്തിനു സമയമെടുത്ത് നര്‍സാരി തൊടുത്ത ബുള്ളറ്റ് ഷോട്ട് അമരീന്ദറിന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍. സ്‌കോര്‍ 1–0.

അവസാന മിനുറ്റുകളില്‍ കേരളബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ചപ്പോള്‍ മുംബൈ സര്‍വ്വവും മറന്ന് ആക്രമണത്തിനിറങ്ങുകയായിരുന്നു. ഇതിന്റെ ഫലം ഇഞ്ചുറി ടൈമിലാണ് അവര്‍ക്ക് ലഭിച്ചത്. 94ആം മിനുറ്റില്‍ പത്തൊമ്പതുകാരനായ പ്രഞ്ചല്‍ ഭൂമിജിന്റെ ലോങ് റേഞ്ചര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജിനേയും കീഴടക്കി വല കുലുക്കുകയായിരുന്നു. മത്സരം കൈപ്പിടിയിലായി എന്ന് കരുതിയിടത്തു നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്.

ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്തയില്‍ എ.ടി.കെയെ തകര്‍ത്തുവിട്ട ആദ്യ ഇലവന്‍ അതേപടി നിലനിര്‍ത്തിയാണ് ഡേവിഡ് ജയിംസ് ടീമിനെ അണിനിരത്തിയത്. പ്രളയത്തില്‍ കേരളം നടുങ്ങിയപ്പോള്‍, രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രത്യേക ജഴ്‌സിയുമണിഞ്ഞായിരുന്നു ടീം കളിക്കാനിറങ്ങിയത്. ജഴ്‌സിയുടെ മുന്‍വശത്ത് മത്സ്യത്തൊഴിലാളികളുടേയും ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തേയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

Tags:    

Similar News