ലൈംഗികാരോപണക്കേസില്‍ ആദ്യമായി പ്രതികരിച്ച് റൊണാള്‍ഡോ 

ഈയൊരു സാഹചര്യത്തില്‍ നുണ പറയുന്നില്ല, ഞാന്‍ സന്തോഷവാനാണ്, എന്റെ അഭിഭാഷകരും എന്നെപ്പോലത്തെന്നെ ആത്മവിശ്വാസത്തിലാണെ ന്നും താരം കൂട്ടിച്ചേര്‍ത്തു

Update: 2018-10-23 05:11 GMT
Advertising

ലൈംഗികാരോപണക്കേസില്‍ ആദ്യമായി നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആരോപണങ്ങള്‍ നിഷേധിച്ച താരം സത്യം പുറത്തുവരുമെന്നും വ്യക്തമാക്കി. 2009ല്‍ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് തന്നെ റൊണാള്‍ഡോ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയാണ് കേസിലെത്തിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം 10ന് റൊണാള്‍ഡോയുടെ അഭിഭാഷകന്‍ ആരോപണങ്ങള്‍ നിഷേധിച്ച് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

“ഈയൊരു സാഹചര്യത്തില്‍ നുണപറയുന്നില്ല, ഞാന്‍ സന്തോഷവാനാണ്, എന്റെ അഭിഭാഷകരും എന്നെപ്പോലത്തെന്നെ ആത്മവിശ്വാസത്തിലാണെ ന്നും താരം കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാ യുള്ള മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് യുവന്റസ് താരം ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്. കളത്തിനകത്തും പുറത്തും റോള്‍ മോഡലാണ്, നൂറു ശതമാനവും അങ്ങനെതന്നെയാണ്, ഞാന്‍ സന്തോഷവാനാണ്, യുവന്റസ് പോലൊരു ക്ലബ്ബില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചു, എനിക്ക് നല്ലൊരു കുടുംബമുണ്ട്, കുട്ടികളുണ്ട്, ആരോഗ്യപരമായി കുഴപ്പങ്ങളൊന്നുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പുറത്തുവരുന്ന വാര്‍ത്തകളുടെ പശ്ചാതലത്തില്‍ താങ്കള്‍ക്ക് ഫുട്ബോള്‍ ലോകത്തൊരു മാതൃകയാവാന്‍ കഴിയുമോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.

ഞാന്‍ ഏറ്റവും വെറുക്കുന്ന കാര്യമാണ് പീഡനമെന്നും ഞാന്‍ വിശ്വസിക്കുന്നത് എന്തോ അതില്‍ നിന്നും തിര്‍ത്തും ഭിന്നമായ കാര്യമാണിതെന്നുമായിരുന്നു ആരോപണം ഉയര്‍ന്ന സമയത്തെ റൊണാള്‍ഡോയുടെ ട്വീറ്റ്. ഇതിന് പിന്നാലെ മൂന്നു സ്ത്രീകള്‍ കൂടി താരത്തിനെതിരെ രംഗത്തെത്തിയത് പ്രശ്നം രൂക്ഷമാക്കി. 2009-ല്‍ ലാസ് വെഗാസില്‍ വെച്ച് പരാതി ഉന്നയിച്ച സ്ത്രീയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് അവരുടെ സമ്മതത്തോടുകൂടിയായിരുന്നുവെന്നുമായിരുന്നു റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ കൃസ്റ്റ്യന്‍സണിന്റെ മറുപടി.

Tags:    

Similar News