സമനില തെറ്റി; കേരളബ്ലാസ്റ്റേഴ്സ് തോറ്റു

ഈ സീസണിലെ കേരളബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വിയാണ് 

Update: 2018-11-05 16:27 GMT
Advertising

കേരള ബ്ലാസ്റ്റേഴ്‍സിന് സ്വന്തം തട്ടകത്തില്‍ ഇരന്നുവാങ്ങിയ തോല്‍വി. തളികയിലെന്ന പോലെ ലഭിച്ച സുവര്‍ണാവസരങ്ങള്‍ പോലും പാഴാക്കിയ ബ്ലാസ്റ്റേഴ്‍സ്, ബംഗളൂരു എഫ്.സിയില്‍ നിന്ന് തോല്‍വി പിടിച്ചുവാങ്ങുക യായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തോല്‍വി. ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് സമനിലയായിരുന്നു. ഇതോടെ ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആദ്യ തോല്‍വിയുമായി. ബംഗളൂരുവിനായി സുനില്‍ ഛേത്രിയാണ് ഗോള്‍ കണ്ടെത്തിയത്. മറ്റൊന്ന് സെല്‍ഫ്ഗോള്‍ രൂപത്തിലായിരുന്നു. പെനല്‍റ്റിയിലൂടെ സ്ലാവിസ സ്റ്റൊയാനാവിചാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്.

81ാം മിനുറ്റില്‍ നിക്കോള ക്രെമാരാവിച്ചിന്റെ സെല്‍ഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയിലേക്ക് നയിച്ചത്. 1-1 എന്ന സമനിലയിലായിരുന്നു അതു വരെ ഇരുടീമുകളും. എണ്ണംപറഞ്ഞ അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ബംഗളൂരു ഗോള്‍കീപ്പര്‍ ചിലത് തട്ടിമാറ്റിയെങ്കില്‍ ചിലത് ബംഗളൂരു പ്രതിരോധത്തില്‍ തട്ടി വഴിമാറി. ചിലത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിര തന്നെ പാഴാക്കുന്നതും കണ്ടു.

ഐ.എസ്.എല്‍ അഞ്ചാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഹോം മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു (1-1). ബംഗളൂരു എഫ്‌സിയാണ് ആദ്യം ഗോള്‍ നേടിയത്. 17ാം മിനുറ്റില്‍ സുനില്‍ ഛേത്രിയാണ് ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്ത് എത്തിച്ചത്. മിക്കുവിന്റെ മികച്ചൊരു പാസില്‍ ഛേത്രി പന്തുമായി മുന്നേറുകയും ഗോള്‍കീപ്പറെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയുമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കിയത് പെനല്‍റ്റിയിലൂടെയായിരുന്നു(30ാം മിനുറ്റ്). സഹല്‍ അബ്ദുല്‍ സമദിനെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി വലക്കുള്ളിലാക്കി ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തുകയായിരുന്നു. സ്ലാവിസ സ്റ്റൊയാനാവിചാണ് പന്ത് വലയിലെത്തിച്ചത്.

അതേസമയം രണ്ടാം പകുതി തുടങ്ങാനിരിക്കെ വെളിച്ചം നിലച്ചത് കളി തടസപ്പെടുത്തി. നിശ്ചയിച്ചതിലും വൈകി കളി പിന്നീട് പുനരാരംഭിക്കുകയായിരുന്നു.

Tags:    

Similar News