ഇന്ത്യ വനിത ഫുട്ബോള്‍ ടീം ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് യോഗ്യത മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 7-1ന് തറപറ്റിച്ച അതേ ടീമുമായാണ് ഇന്ത്യ മ്യാന്‍മാറിനതിരെയും ഇറങ്ങിയത്

Update: 2018-11-14 04:52 GMT
Advertising

ഒളിമ്പിക്സ് യോഗ്യത മത്സരത്തില്‍ മ്യാന്‍മാറിനോട് 2-1ന് പരാജയപ്പെട്ടെങ്കിലും ഇന്ത്യ വനിത ഫുട്ബോള്‍ ടീം ചരിത്രത്തിലാദ്യമായി രണ്ടാം റൌണ്ടിലേക്ക് കടന്നു. ഗ്രൂപ്പ് സി യില്‍ നാല് പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തോടെയാണ് ടീം ഇന്ത്യ രണ്ടാം റൌണ്ടിലേക്ക് യോഗ്യരായത്. മ്യാന്‍മാറാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം ഘട്ട മത്സരങ്ങള്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും നടക്കുക.

ആദ്യ പകുതി ആവേശഭരിതമായിരുന്നു. മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി തങ്ങളുടെ ആധിപത്യം മ്യാന്‍മാര്‍ ഉറപ്പിച്ചു. പക്ഷെ, ടീം ഇന്ത്യയുടെ ധീര വനിതകള്‍ എട്ടാം മിനിറ്റില്‍ തന്നെ മ്യാന്‍മാര്‍ വല കുലുക്കി സമനില ഗോള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ നാല് ഗോളുകള്‍ നേടിയ ബാലാ ദേവിയാണ് ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 7-1ന് തറപറ്റിച്ച അതേ ടീമുമായാണ് ഇന്ത്യ മ്യാന്‍മാറിനതിരെയും ഇറങ്ങിയത്.

രണ്ടാം പകുതിയില്‍ വിജയ ഗോളിനായി ഇരു ടീമുകളും അങ്ങേയറ്റം ശ്രമിച്ചത് ആവേശ തിരയിളക്കത്തിന് കാരണമായി. പല ഘട്ടങ്ങളിലും ഇന്ത്യന്‍ ഡിഫന്‍സ് പരീക്ഷിക്കപ്പെട്ടു. എങ്കിലും മ്യാന്‍മാര്‍ അറ്റാക്കിങ്ങിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഇന്ത്യന്‍ ഡിഫന്‍സിനായില്ല.

ഏപ്രിലില്‍ നടക്കുന്ന രണ്ടാം ഘട്ട മത്സരങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ആരാധകരും. ചരിത്രത്തിലാദ്യമായി വന്ന് ചേര്‍ന്ന അവസരം ഒളിമ്പിക്കിലേക്കുള്ള ഇന്ത്യന്‍ ഫുട്ബോളിന്‍റെ പ്രതീക്ഷകള്‍ക്ക് വളമാകുന്നു.

Tags:    

Similar News