താരങ്ങളുടെ ഈ മികവ് അർജന്റീനക്ക് പ്രതീക്ഷ നൽകുന്നതോ ?
ഈ വാരം അർജന്റീനിയൻ താരങ്ങളുടെ ചിറകിലേറിയാണ് ലീഗ് വമ്പന്മാർ ജയിച്ചു കയറിയത്
കോപ്പ അമേരിക്കയിലേക്ക് ഇനി മാസങ്ങൾ മാത്രം. കൺമുന്നിൽ മൂന്ന് കപ്പുകൾ വഴുതിപോയത് അർജന്റീനക്ക് ഇന്നും മറക്കാനായിട്ടില്ല. ഇനി മറക്കാനാവുമോ എന്നും സംശയമാണ്. ലോക ഇതിഹാസം പൊട്ടികരഞ്ഞത് തത്സമയം ലോകം അന്ന് കണ്ടതാണ്. മെസി വിമർശകർ പോലും ഒരുനിമിഷം ആ അതുല്യ പ്രതിഭയുടെ കണ്ണീരിന് മുന്നിൽ വിതുമ്പിക്കാണണം.
2014 ലോകകപ്പും 2015, 2016 കോപ്പ അമേരിക്കയിലും ഫൈനലിസ്റ്റുകളായിരുന്നു അർജന്റീന. എന്നാൽ പതിറ്റാണ്ട് നീണ്ട കപ്പിന്റെ ക്ഷാമത്തിന് അറുതിവരുത്താൻ ആ ഫൈനലുകൾക്കൊന്നും ആയില്ല.
അങ്ങനെ അടുത്ത കോപ്പ അമേരിക്ക എത്തിയിരിക്കുകയാണ്. അർജന്റീനയുടെ ആരാധകർ മാത്രമല്ല ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത് ആ മാന്ത്രിക കാലുകളിലേക്കാണ്. ആ ഇടങ്കാലിന്റെ മായാജാലത്തിലേറി കപ്പെടുക്കാമെന്ന മോഹം ശരിക്കും അസ്തമിച്ചോ? അതോ ജൂലൈ എട്ടിന് മാറക്കാനയിൽ ഒരുകൂട്ടർ കപ്പ് ഉയർത്തുമ്പോൾ റെക്കോർഡുകളുടെ സുൽത്താൻ ചിരിച്ച് മുന്നില്‍ തന്നെയുണ്ടാകുമോ? നിലവിലെ അർജന്റീനയുടെ താരങ്ങൾ പ്രതീക്ഷ നൽകുന്നുണ്ടോ?
ഈ വാരം അർജന്റീനിയൻ താരങ്ങളുടെ ചിറകിലേറിയാണ് ലീഗ് വമ്പന്മാർ ജയിച്ചു കയറിയത്. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ലീഗിലെല്ലാം അർജന്റീനിയൻ താരങ്ങളുടെ കാലുകൾ ദൃശ്യമായിരുന്നു.
അഗ്യൂറോയുടെ ഹാട്രിക്കില്‍ വമ്പന്മാരെ കീഴടക്കി സിറ്റി
ഇംഗീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടമായ സിറ്റി-ആഴ്സണൽ മത്സരത്തിൽ അഗ്വൂറോയുടെ ഹാട്രിക് മികവിൽ സിറ്റി ആഴ്സണലിനെ ദയനീയമായി പരാജയപ്പെടുത്തിയിരുന്നു. മത്സരം തുടങ്ങി 48 സെക്കറ്റിനുളളിൽ ആഴ്സണലിന്റെ വലകുലുക്കി ഈ അർജന്റീനിയൻ താരം. മത്സരത്തിന്റെ 44ാം മിനിറ്റിലും 61ാം മിനിറ്റിലും ഗോളുകൾ നേടി അഗ്യൂറോ സിറ്റിക്ക് ആധികാരിക ജയം സമ്മാനിച്ചു. കരിയറിലെ 10ാമത്തെ ഹാട്രിക്കും തികച്ചു. ന്യൂകാസ്റ്റിലിനെതിരെയും താരം മത്സരം തുടങ്ങി 25സെക്കന്റിനുള്ളിൽ വല കുലുക്കിയിരുന്നു.
സീസണില്‍ 14 ഗോളുമായി ഗോള്‍ വേട്ടയില്‍ സലാഹിനും ഒബുമയാങ്ങിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് അഗ്യൂറോ. ഈ അർജന്റീനിയൻ താരത്തിന്റെ പ്രകടനത്തിൽ താന്‍ അതീവ സന്തുഷ്ടനാണെന്ന് സിറ്റി മാനേജർ ഗാർഡിയോളയും പറഞ്ഞിരുന്നു.
നീലപ്പടയില്‍ വരവറിയിച്ച് ഹിഗ്വെയിന്‍
യുവന്റസിൽ നിന്നും ലോണിന് ചെൽസിയിലെത്തിയ ഹിഗ്വെയിന്റെ മനോഹരമായ രണ്ട് ഗോളിന്റെ അകമ്പടിയോടെയാണ് ചെൽസി ഹഡേർസ്ഫീഡിനെ തകർത്തത്. പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി മത്സരത്തിന്റെ 16ാം മിനിറ്റിൽ കാൻറെ നൽകിയ ത്രൂ ബോൾ അസാധാരണ ആംഗിളിൽ ഹിഗ്വെയിൻ ഗോളാക്കുകയായിരുന്നു. മത്സരത്തിന്റെ 69ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്തു നിന്നുള്ള ഹിഗ്വെയിനിന്റെ മാസ്മരിക ഷോട്ട് ഗോളിയെ കടന്ന് വല ചുംബിക്കുകയായിരുന്നു.
അർജന്റീനിയൻ താരത്തിന്റെ പ്രകടനത്തെ ഹസാർഡ് പ്രശംസിക്കുകയും ചെയ്തു. ഹിഗ്വെയിൻ ശക്തനായ മുന്നേറ്റക്കാരനാണ്. കൂടുതൽ സമയം പന്ത് കാലിൽ വെക്കാൻ കഴിയുന്ന അദ്ദേഹം പെനാൽറ്റി ബോക്സിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നും ഹസാർഡ് പറഞ്ഞിരുന്നു.
വീണ്ടും രക്ഷകനായി ഈ ഇടങ്കാലന്‍
വലൻസിയക്കെതിരെ പലമാറ്റങ്ങളോടെയുമാണ് ഏണസ്
റ്റോ വാൽവർഡേ ബാഴ്സ ടീമിനെ ഇറക്കിയത്. സെര്‍ജിയോ ബുസ്കറ്റ്സിന് വിശ്രമം അനുവദിക്കുകയും ജോർഡി ആൽബക്ക് പകരം സെർജിയോ റൊബേർട്ടോയെ ലെഫ്റ്റ് ബാക്ക് ആയി പരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ മത്സരം 32ാം മിനിറ്റിലെത്തുമ്പോൾ മുൻ ചാമ്പ്യന്മാർ രണ്ട് ഗോളിന് പിന്നിലായി. പക്ഷെ ക്ഷമയോടെ മെസി മൈതാനത്ത് സ്പെയ്സ് ഉണ്ടാക്കികൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ 90 മിനിറ്റും അധിക സമയവും തീരാതെ വിജയം ഉറപ്പിക്കാനാവില്ലെന്ന് വലൻസിയക്ക് നല്ലപോലെ അറിയാമായിരുന്നു. മത്സരം 39മിനിറ്റിലെത്തുമ്പോൾ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി മെസി തിരിച്ചടിച്ചു. 64ാം മിനിറ്റിൽ ഇടങ്കാലുകൊണ്ട് വളച്ചിറക്കിയ ഷോട്ട് ഗോളിയെ കാഴ്ച്ചക്കാരനാക്കി വലയിലേക്ക് തുളച്ചുകയറി.
അഞ്ച് പ്രാവശ്യം ലോക ഫുട്ബോളറായ മെസി സീസണില്‍ 21 ഗോളുകൾ നേടിയും 10 ഗോളിന് വഴിവെച്ചും സ്പാനിഷ് ലീഗിൽ അജയ്യനായി കുതിച്ചുകൊണ്ടിരിക്കുകയാണ്.
നെയ്മറില്ലാതെ ഇറങ്ങിയ പി.എസ്.ജി പരാജയപ്പെട്ടെങ്കിലും മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ മനോഹരമായ ഗോളിലൂടെ എയ്ഞ്ചല്‍ ഡി മരിയ പി.എസ്.ജിയെ മുന്നിലെത്തിച്ചിരുന്നു.
ഈ വാരം അർജന്റീനൻ താരങ്ങളുടെ ചിറകിലേറിയാണ് യൂറോപ്പിലെ ഒട്ടുമിക്ക ലീഗിലെയും വമ്പന്മാർ ജയിച്ചുകയറിയത്. കോപ്പ അമേരികക്ക് മാസങ്ങൾ മാത്രം അവശേഷിക്കെ അർജന്റീനൻ താരങ്ങളുടെ ഈ മുന്നേറ്റം പ്രതീക്ഷ നൽകുന്നത് തന്നെയാണ്. എന്നാൽ അർജന്റീന കൊളംബിയയും പരാഗ്വയും ഖത്തറുമുള്ള മരണ ഗ്രൂപ്പിലാണ്. എന്തൊക്കെയാണെങ്കിലും ലോക ഇതിഹാസം ലാറ്റിനമേരിക്കന്‍ കപ്പ് ഉയര്‍ത്തുമോ എന്ന് തന്നെയാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.