തീവ്രചിന്താഗതിക്കാരെ തിരുത്താന്‍ മതപഠന കോഴ്‍സുകള്‍ നടത്താനൊരുങ്ങി കുവൈത്ത്
തീവ്രചിന്താഗതിയില്‍ ആകൃഷ്ടരായവരെ തിരിച്ചുകൊണ്ടുവരാന്‍ മതപഠന കോഴ്സുകള്‍ നടത്തുന്നതിനെ കുറിച്ച് കുവൈത്ത് ഇസ്ലാമിക കാര്യമന്ത്രാലയം ആലോചിക്കുന്നു.
തീവ്രചിന്താഗതിയില്‍ ആകൃഷ്ടരായവരെ തിരിച്ചുകൊണ്ടുവരാന്‍ മതപഠന കോഴ്സുകള്‍ നടത്തുന്നതിനെ കുറിച്ച് കുവൈത്ത് ഇസ്ലാമിക കാര്യമന്ത്രാലയം ആലോചിക്കുന്നു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിപാടി ആവിഷ്കരിക്കാനാണ് ഔഖാഫിന്റെ പദ്ധതി.
മത വിഷയങ്ങളില്‍ പരിശീലനം നല്‍കി തീവ്ര ചിന്താഗതിക്കാരെ ശരിയായ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് പദ്ധതി ആവിഷ്കരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തീവ്രവാദ ആശയങ്ങള്‍ക്ക് ഫലപ്രദമായി തടയിടാന്‍ മന്ത്രാലയം ലക്ഷ്യമിടുന്നു. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായ തീവ്രചിന്താഗതികള്‍ പടരുന്നതിന് മനശാസ്ത്രപരമായ കാരണങ്ങളുമുണ്ടെന്ന് മന്ത്രാലയം വിലയിരുത്തി. പ്രണയനൈരാശ്യവും ജീവിതത്തിലെ പരാജയങ്ങളുമാണ് ക്രിയാത്മകമായ സാമൂഹ്യ ജീവിതത്തില്‍ നിന്ന് ഒരാളെ അകറ്റി നിര്‍ത്തുന്നതെന്ന് മന്ത്രാലയം നിരീക്ഷിച്ചു. ഇത്തരക്കാരാണ് തീവ്ര ചിന്താഗതിയില്‍ എത്തിപ്പെടുന്നവരിലധികവും. സോഷ്യല്‍ മീഡിയ വഴി തീവ്രവാദ ആശയങ്ങളില്‍ കുട്ടികള്‍ വീണുപോവാതിരിക്കാന്‍ രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.