കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുഎഇ 6,700 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിച്ചുവെന്ന് ടി.പി സീതാറാം
കൂടുതലും അടിസ്ഥാന സൗകര്യ മേഖലയിലാണ് യുഎഇ നിക്ഷേപിച്ചതെന്നും അംബാസഡര്‍ വിശദീകരിച്ചു
കഴിഞ്ഞ ഒരു വര്‍ഷത്തിനകം യുഎഇ 6,700 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിച്ചുവെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം. വിവിധ സ്ഥാപനങ്ങളിലെ ഓഹരിനിക്ഷേപം ഉള്‍പ്പടെയുള്ള കണക്കാണിത്. കൂടുതലും അടിസ്ഥാന സൗകര്യ മേഖലയിലാണ് യുഎഇ നിക്ഷേപിച്ചതെന്നും അംബാസഡര്‍ വിശദീകരിച്ചു.
യുഎഇയിലെ ദൗത്യകാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന അംബാസഡര്‍ ടി പി സീതാറാമിന് ഇന്ത്യന്‍ മീഡിയ അബൂദബി നല്‍കിയ യാത്രയയപ്പിലാണ് അദ്ദേഹം നിക്ഷേപത്തിന്റെ കണക്കുകള്‍ അറിയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘങ്ങള്‍ തുടര്‍ച്ചയായി യുഎഇയിലെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് ഈ വര്‍ഷം ഇറക്കുമതി ചെയ്തു. 47 ശതമാനം കുറഞ്ഞ നിരക്ക് മാത്രമാണ് ഇതിന് നല്‍കിയത്. കര്‍ണാടകയില്‍ യുഎഇ പെട്രോള്‍ ശേഖരിക്കാനുള്ള ഭൂഗര്‍ഭ സംഭരണി ഒരുങ്ങിയിട്ടുണ്ട്. ഇന്ത്യക്ക് ആവശ്യമുള്ളപ്പോള്‍ ഇതില്‍നിന്ന് പെട്രോള്‍ എടുക്കാനാവും. മുന്‍കൂട്ടി പണം കൊടുക്കാതെ തന്നെ കരുതലെന്ന നിലക്ക് പെട്രോള്‍ ശേഖരിക്കാമെന്ന ഗുണം ഇന്ത്യക്ക് ലഭിക്കും. വിതരണസംവിധാനങ്ങളില്‍ തടസ്സം നേരിടുമ്പോള്‍ ഈ സംഭരണിയില്‍നിന്ന് സമീപ രാജ്യങ്ങളിലേക്ക് എണ്ണ വിതരണം ചെയ്യാന്‍ യുഎഇക്കു കഴിയും.
കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് സ്ഥാപിച്ചതിലൂടെ ദക്ഷിണേന്ത്യയില്‍ വന്‍ നിക്ഷേപസാധ്യതകളാണ് തുറന്നിരിക്കുന്നതെന്നും ടി.പി സീതാറാം പറഞ്ഞു. അംബാസിഡര്‍ക്കുള്ള ഉപഹാരം ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്റ് അനില്‍ സി. ഇടിക്കുള സമ്മാനിച്ചു. ഭാരവാഹികളായ മുനീര്‍ പാണ്ഡ്യാല , ടി.പി. ഗംഗാധരന്‍, ഹഫ്സല്‍ അഹ്മദ്, സമീര്‍ കല്ലറ, ജോണി തോമസ്, സിബി കടവില്‍, അശ്വിനി കുമാര്‍, എസ്.എം. നൗഫല്‍ ,അഹ്മദ് കുട്ടി, റസാഖ് ഒരുമനയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.