ഷാര്‍ജ വിമാനത്താവളം 'സ്മാര്‍ട്ടായി'
എമിഗ്രേഷന്‍ പരിശോധനക്ക് കൗണ്ടറില്‍ ക്യൂ നില്‍ക്കാതെ എളുപ്പത്തില്‍ യാത്ര തുടരാവുന്ന ആധുനിക സംവിധാനമാണിത്
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് സ്മാര്‍ട്ട്ഗേറ്റ് സംവിധാനം ഏര്‍പ്പെടുത്തി. എമിഗ്രേഷന്‍ പരിശോധനക്ക് കൗണ്ടറില്‍ ക്യൂ നില്‍ക്കാതെ എളുപ്പത്തില്‍ യാത്ര തുടരാവുന്ന ആധുനിക സംവിധാനമാണിത്.
ഷാര്‍ജ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്ര ഇനി വളരെ സിമ്പിളാണ്. സ്മാര്‍ട്ട്ഗേറ്റ് ഉപയോഗിക്കാന്‍ യാത്രക്കാര്‍ ഒരുവട്ടം തങ്ങളുടെ പാസ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യണം. ഇതിനായി വിമാനത്താവളത്തില്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ സൗജന്യമാണ്.
രജിസ്റ്റര്‍ ചെയ്ത പാസ്പോര്‍ട്ടും ബോര്‍ഡിങ് പാസുമായി പാസ്പോര്‍ട്ട് കണ്‍ട്രോളിലെ സ്മാര്‍ട്ട്ഗേറ്റിലെത്തണം. രേഖകള്‍ ഇവിടെ സ്കാന്‍ ചെയ്യണം. ഗേറ്റുകളിലൊന്ന് ഉടന്‍ തുറക്കും. അകത്ത് കയറി തൊപ്പിയും കണ്ണടയും മാറ്റി കാമറക്ക് മുന്നില്‍ നില്‍ക്കണം. ചിത്രം പതിയുന്നതോടെ അടുത്ത ഗേറ്റും തുറക്കും. നിമിഷങ്ങള്‍ മതി. ഇമിഗ്രേഷന്‍ പരിശോധന തീര്‍ന്നു. ഷാര്‍ജയില്‍ രജിസ്റ്റ്ര്‍ ചെയ്താല്‍ യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിലെ സ്മാര്‍ട്ട്ഗേറ്റുകളും ഉപയോഗിക്കാം. യുഎഇ താമസവിസയുള്ളവര്‍ക്ക് മാത്രമല്ല സന്ദര്‍ശകര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. എമിഗ്രേഷന്‍ നടപടികളുടെ സമയം സ്മാര്‍ട്ട്ഗേറ്റ് 70 ശതമാനം വരെ കുറക്കാനാവുമെന്നാണ് കണക്ക്.