ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ നീക്കവുമായി അമേരിക്ക വീണ്ടും രംഗത്ത്
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി അധികം വൈകാതെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ച നടത്തും
എട്ടു മാസത്തിലേറെയായി തുടരുന്ന ഗൾഫ് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ നീക്കവുമായി അമേരിക്ക വീണ്ടും രംഗത്ത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി അധികം വൈകാതെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ച നടത്തും. എന്നാൽ നിലപാടിൽ മാറ്റം വരുത്താൻ ഖത്തർ ഇനിയും തയാറായിട്ടില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ബ്രസൽസിൽ വ്യക്തമാക്കി.
പോയ വർഷം ജൂൺ അഞ്ചു മുതലാണ് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ നാലു രാജ്യങ്ങൾ അറിയിച്ചത്. കുവൈത്ത് അമീറിന്റെയും യു.എസ് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ നടന്ന സമവായ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ഐ.എസ് വിരുദ്ധ പോരാട്ടം, ഇറാൻ വിരുദ്ധ നയം എന്നിവ വിജയിക്കണമെങ്കിൽ ജി.സി.സി കൂട്ടായ്മ അനിവാര്യമാണെന്ന് അമേരിക്ക വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മധ്യസ്ഥനീക്കം വീണ്ടും ശക്തമാകുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാകും ട്രംപ് ജി.സി.സി നേതാക്കളുമായി ചർച്ച നടത്തുക. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എന്നിവരുമായാകും ചർച്ച നടത്തുകയെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് ജി.സി.സി പ്രത്യേക ഉച്ചകോടിയെന്ന നിർദേശവും അമേരിക്ക മുന്നോട്ടു വെക്കുമെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യൻ സമാധാന പദ്ധതി, ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ എന്നിവയും ഗൾഫ് സഹകരണത്തോടെയല്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ അമേരിക്കക്ക് സാധിക്കില്ല. ഇറാൻ മേഖലയിൽ നടത്തുന്ന ഇടപെടലിനെതിരെ ശക്തമായ നടപടി വേണമെന്ന് സൗദി അനുകൂല രാജ്യങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യം പ്രയോജനപ്പെടുത്താനാകും യു.എസ് നീക്കം. എന്നാൽ തീവ്രവാദവുമായി സന്ധി ചെയ്യുന്ന നിലപാടിൽ നിന്ന് ഖത്തർ പിൻവാങ്ങാതെ പ്രതിസന്ധി പരിഹാരം എളുപ്പമല്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജൂബൈർ ബ്രസൽസിൽ വ്യക്തമാക്കി.