സൌദിയില്‍ തിയേറ്ററുകള്‍; എഎംസിക്ക് പിന്നാലെ വോക്സ്

Update: 2018-06-01 17:58 GMT
Editor : Jaisy
സൌദിയില്‍ തിയേറ്ററുകള്‍; എഎംസിക്ക് പിന്നാലെ വോക്സ്
Advertising

വോക്സ് സിനിമാസ് ഉടമ മാജിദ് അല്‍ ഫുതൈമാണ് അറബ് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്

സൌദിയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള അനുമതി ലഭിച്ചതോടെ തിയറ്ററുകള്‍ തുറക്കാനായി കൂടുതല്‍ കമ്പനികള്‍ രംഗത്ത്. ലോകത്തെ തിയറ്റര്‍ മേഖലയിലെ ഭീമനായ എഎംസിക്ക് പിന്നാലെ ഇതിനു പിന്നാലെ വോക്സ് കമ്പനിയും തിയറ്റര്‍ തുറക്കുമെന്നറിയിച്ചു. മാളുകളും തിയറ്റര്‍ സജ്ജീകരിക്കാനുള്ള നീക്കത്തിലാണ്.

ലോകത്തെ തിയറ്റര്‍ മേഖലയിലെ ഭീമനാണ് അമേരിക്കന്‍ മൂവി തിയറ്റര്‍. എഎംസി സിഇഒ ആദം അരോണ്‍ സൌദിയില്‍ തിയേറ്റര്‍ ശൃംഖല തുടങ്ങാനുള്ള കരാര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുബൈ കേന്ദ്രീകരിച്ചുള്ള വോക്സ് തിയേറ്ററുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. വോക്സ് സിനിമാസ് ഉടമ മാജിദ് അല്‍ ഫുതൈമാണ് അറബ് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സൌദിയില്‍ തുറക്കുന്ന തിയറ്ററുകള്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ളതാകും. സൌദിയിലെ രീതിയനുസരിച്ച് കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രത്യേകം സീറ്റുകളുണ്ടാകും. 300 തിയറ്ററുകളിലായി 2000 സ്ക്രീനുകളാണ് രാജ്യത്ത് വരുന്നത്. ആയിരം കോടിയാണ് പ്രതീക്ഷിക്കുന്ന പ്രതിവര്‍ഷ വരുമാനം. വോക്സും എഎംസിയുമെത്തുന്നതോടെ ഈ മേഖലയില്‍ മത്സരം മുറുകും. അമേരിക്കയിലും യൂറോപ്പിലുമായി 11,000 സ്ക്രീനുകളുണ്ട് എഎംസിക്ക്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 284 സ്ത്രീനുകളാണ് വോക്സിനുള്ളത്. 152 സ്ത്രീനുകളുള്ള നോവോ സിനിമാസും സൌദിയില്‍ തിയറ്റര്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. രാജ്യത്തെ വിവിധ മാളുകളും സിനിമാ തിയറ്റര്‍ സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത മാര്‍ച്ചോടെ പത്തിലേറെ മാളുകളില്‍ സ്ക്രീനുകള്‍ സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News