ഇറാനുമായുള്ള ആണവ ഇടപാടിൽനിന്ന് അമേരിക്ക പിന്മാറിയതിനെ പിന്തുണച്ച് സൗദി അനുകൂല രാജ്യങ്ങള്‍
പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന ഇറാനെ അമർച്ച ചെയ്യാൻ ഇത്തരം നടപടികൾ ആവശ്യമാണെന്നാണ് സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്
ഇറാനുമായുള്ള ആണവ ഇടപാടിൽനിന്ന് പിന്മാറിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്ക് സൗദി അനുകൂല രാജ്യങ്ങളുടെ പിന്തുണ. പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന ഇറാനെ അമർച്ച ചെയ്യാൻ ഇത്തരം നടപടികൾ ആവശ്യമാണെന്നാണ് സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്. ട്രംപിന്റെ തീരുമാനത്തെ യൂറോപ്യൻ രാജ്യങ്ങളും മറ്റും നിശിതമായി വിമർശിക്കുന്ന സാഹചര്യത്തിലാണ്, അറബ് ലോകത്തു നിന്ന് അനുകൂല പിന്തുണ ഉണ്ടായിരിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളാണ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചത്. ആണവ കരാറിന്റെ മറവിൽ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ സൈനിക ഇടപെടൽ നടത്തുകയാണ് ഇറാൻ ചെയ്യുന്നത്.
തെഹ്റാനെതിരെ കൂടുതൽ കടുത്ത സാമ്പത്തിക നടപടികളുണ്ടാകുമെന്ന യു.എസ് പ്രസിഡന്റിന്റെ മുന്നറിയിപ്പും സാധൂകരിക്കപ്പെടുമെന്ന് സൗദി അനുകൂല രാജ്യങ്ങൾ വ്യക്തമാക്കി. കരാറിൽനിന്നുള്ള യു.എസ് പിന്മാറ്റം മിഡിൽ ഈസ്റ്റിലെ പ്രതിസന്ധികൾ വർധിപ്പിക്കുമെന്ന വിലയിരുത്തലിനോട് പ്രബല അറബ് രാജ്യങ്ങൾ യോജിക്കുന്നില്ല. പശ്ചിമേഷ്യയെ ആണവ നിരായുധീകരണ മേഖലയാക്കി മാറ്റാനുള്ള ട്രംപിന്റെ നടപടിക്ക് ലോക രാജ്യങ്ങൾ പിന്തുണ നൽകണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു.
ട്രംപ് കൈക്കൊണ്ടത് ശരിയായ നിലപാടാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് ട്വിറ്ററിൽ കുറിച്ചു. ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ഇറാന്‍റെ നീക്കം പശ്ചിമേഷ്യയുടെ താൽപര്യങ്ങളെ ഹനിക്കുമെന്നും യു.എ.ഇ വിലയിരുത്തുന്നു. സിറിയ, യെമൻ, ലബനാൻ എന്നിവിടങ്ങളിൽ സൈനിക ഇടപടൽ നടത്തുന്ന ഇറാൻ നീക്കമാണ് സൗദി അനുകൂല രാജ്യങ്ങളെ മുഖ്യമായും പ്രകോപിപ്പിച്ചിരിക്കുന്ന ഘടകം.