പ്രവാസി ബന്ധു ചിട്ടിക്ക് റിസർവ് ബാങ്കിന്റെ അംഗീകാരമില്ലെന്ന് പികെ കൃഷ്ണദാസ്
ഒരു സംസ്ഥാന സർക്കാറിന് വിദേശരാജ്യങ്ങളിൽ നിന്ന് പണം സമാഹരിക്കാൻ നിയമപരമായി കഴിയില്ല
കിഫ്ബി വഴി സംസ്ഥാനസർക്കാർ നടത്തുന്ന പ്രവാസിബന്ധു ചിട്ടിക്ക് റിസർവ് ബാങ്കിന്റെ അംഗീകാരമില്ലെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് .
ഒരു സംസ്ഥാന സർക്കാറിന് വിദേശരാജ്യങ്ങളിൽ നിന്ന് പണം സമാഹരിക്കാൻ നിയമപരമായി കഴിയില്ല. നിയമപരിരക്ഷയില്ലാത്ത ചിട്ടി വഴി സർക്കാർ പ്രവാസികളെ വഞ്ചിക്കുകയാണ്. ഒാവർസീസ് ഫ്രണ്ട്സ് ഒാഫ് ഇന്ത്യ ദോഹയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടി നടത്തുന്നത് കെ.എസ്.എഫ്.ഇ വഴിയാണോ അല്ലയോ എന്നതല്ല, പ്രശ്നം. പ്രവാസികളുടെ സമ്പത്ത് കബളിക്കപ്പെടരുത് എന്നതിനാലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും നിയമപരമായി ചിട്ടി നടത്തിയാൽ ബി.ജെ.പി അതിനെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു രാഷ്ട്രീയമാറ്റത്തിന് പാകപ്പെട്ടിരിക്കുകയാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ അത് തെളിയിക്കപ്പെടും. അവിടെയുള്ള ബി.ജെ.പി സ്ഥാനാർഥി പി.എ. ശ്രീധരൻ പിള്ള വിജയിച്ച് കേരളത്തിലെ രണ്ടാമത്തെ പാർട്ടി എം. എൽ.എ ആകും. ദേശീയ തലത്തിൽ നടക്കുന്ന ദലിത് പ്രക്ഷോഭം കേന്ദ്രസർക്കാറിനെതിരല്ല. അത് കോടതി വിധിക്കെതിരാണെന്നും കൃഷ്ണദാസ് പറഞ്ഞു.