തീവ്രവാദത്തിനെതിരെ തുറന്ന പോരാട്ടത്തിന് എമിറേറ്റ്സ് ഫത്വ കൗൺസിൽ ഒരുങ്ങുന്നു
ഇസ്ലാമിക അധ്യപനങ്ങൾക്ക് വിരുദ്ധമായ ഫത്വകൾ തടയാനും ഇസ്ലാമിക ജീവിത സാഹചര്യം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം
തീവ്രവാദത്തിനും ഗുണരഹിതമായ ഫത്വകൾക്കുമെതിരെ തുറന്ന പോരാട്ടത്തിന് എമിറേറ്റ്സ് ഫത്വ കൗൺസിൽ ഒരുങ്ങുന്നു. ഇസ്ലാമിക അധ്യപനങ്ങൾക്ക് വിരുദ്ധമായ ഫത്വകൾ തടയാനും ഇസ്ലാമിക ജീവിത സാഹചര്യം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
യുക്തിരഹിതമായ ഫത്വകൾ ഇസ്ലാമിക രാജ്യങ്ങൾക്കും സമൂഹത്തിനും ഒട്ടേറെ ദോഷങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രക്തചൊരിച്ചിലിനും രാഷ്ട്രങ്ങളുടെ തകർച്ചകൾക്കും ഇടയാക്കുന്ന ആ കെടുതി ഇല്ലാതാക്കുകയും സമാധാനത്തിനും സഹിഷ്ണുതക്കും മുഖ്യസ്ഥാനം നൽകുകയും വേണം. രാജ്യത്ത് പുറത്തിറക്കുന്ന ഫത്വകളുടെയും അവസാന വാക്ക് കൗൺസിലായിരിക്കും. മതത്തിന്റെയോ നിറത്തിന്റെയോ വംശത്തിന്റെയോ പേരിൽ വിവേചനം പുലർത്തുന്നത് ക്രിമിനൽ കുറ്റമാക്കി നിയമനിർമാണം നടത്തിയ ആദ്യ അറബ് രാഷ്ട്രമായ യു.എ.ഇ സഹിഷ്ണുതയും സൗഹാർദവും സംരക്ഷിക്കുന്നതിന് ഉന്നത സ്ഥാനമാണ് നൽകുന്നത്.
പലരും തന്നിഷ്ടപ്രകാരം ഫത്വകളിറക്കുകയും അത് മൂലം മനുഷ്യർക്കിടയിൽ ഭിന്നിപ്പും തർക്കങ്ങളും ഉണ്ടായ സാഹചര്യങ്ങളാണ് കൗൺസിൽ അനിവാര്യമാക്കിയത്. മുഫ്തികെള പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളുടെ ചുമതലയും കൗൺസിലിനായിരിക്കുമെന്ന് അബൂദബി ഔഖാഫ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ അൽ കഅ്ബി വ്യക്തമാക്കി. വിവിധ വിഷയങ്ങളിൽ പൊതു ഫത്വയും വിവിധ സർക്കാർ ഏജൻസികളുടെ ആവശ്യാർഥമുള്ള ഫത്വകളും കൗൺസിൽ പുറപ്പെടുവിക്കും.