കുവൈത്തിലെ കായിക താരങ്ങൾക്കേർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാധ്യത തെളിയുന്നു
വിലക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും കുവൈത്ത് സ്പോർട്സ് അതോറിറ്റിയും ചർച്ച തുടങ്ങി
അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുവൈത്തിലെ കായിക താരങ്ങൾക്കേർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാധ്യത തെളിയുന്നു . വിലക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും കുവൈത്ത് സ്പോർട്സ് അതോറിറ്റിയും ചർച്ച തുടങ്ങി. കായിക സംഘടനകളുടെ ഭരണ കാര്യങ്ങളിൽ സർക്കാർ ഇടപെടലുണ്ടാകില്ലെന്ന് കുവൈത്ത് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ചർച്ച .
കുവൈത്തിനെ പ്രതിനിധീകരിച്ച് സ്പോർട്സ് അതോറിറ്റി ജനറൽ ഡയറക്ടർ ഡോ. ഹമൂദ് ഫുലൈതിഹ്, അതോറിറ്റിയുടെ ഭരണ സമിതി അംഗം ഡോ. മുഹമ്മദ് അൽ ഫൈലി, മുഖ്യ ഉപദേഷ്ടാവ് ഡോ. സഖർ അൽ മുല്ല എന്നിവരാണ് യോഗത്തിൽ സംബന്ധിക്കുന്നത്. ഐ ഒ സി ഇന്റർനാഷനൽ റിലേഷൻ ഉപമേധാവി പെറു മിറോ, കായിക സംഘടനാ ഭരണ കാര്യങ്ങളുമായി ബന്ധപ്പെട്ട സമിതി മേധാവി ജെറോം ബൊവെ, സമ്മർ ഒളിമ്പിക്സ് ഇന്റർനാഷണൽ ഫെഡറേഷൻ യൂനിയൻ മേധാവി ജെയിംസ് കാർ, ഏഷ്യൻ ഒളിമ്പിക് കൗൺസിൽ മേധാവി വി ജീസ് ഹോങ്, ഒളിമ്പിക് സമിതിയിലെ ഏഷ്യൻ കായിക ഡയറക്ടർ ഹൈദർ ഫർമൻ എന്നിവരാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്നത് . കുവൈത്തിനെതിരായ കായിക വിലക്ക് പിന്‍വലിക്കാൻ സാധ്യതയേറെയെന്നാണ് വിലയിരുത്തൽ.
കായിക വിലക്ക് നീക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കുവൈത്ത് സ്പോർട്സ് അതോറിറ്റി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് കുവൈത്തിൽ യോഗം ചേരാൻ ഒളിമ്പിക് കമ്മിറ്റി സന്നദ്ധത അറിയിച്ചത്. കായിക മേഖലയിൽ സർക്കാരിന്റെ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ചായിരുന്നു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫിഫയും കുവൈത്തിനെ സസ്പെൻഡ് ചെയ്തത്. വിലക്ക് മൂലം അന്താരാഷ്ട്ര മത്സര വേദികളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട കുവൈത്തിന് റിയോ ഒളിമ്പിക്സിലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. കായിക സംഘടനകളുടെ മേൽ സർക്കാർ ഇടപെടില്ല എന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിസംബറിൽ ഫിഫ വിലക്ക് പിൻവലിച്ചിരുന്നു.