സുഷമ സ്വരാജ് ബഹ്റൈനില്‍: ഇന്ത്യ - ബഹ്റൈൻ സഹകരണ കരാറിൽ ഒപ്പുവെച്ചു

ഒഫീഷ്യല്‍, ഡിപ്ലോമാറ്റിക് സ്‍പെഷല്‍ പാസ്‍പോര്‍ട്ടുള്ളവര്‍ക്ക് വിസ ഒഴിവാക്കിക്കൊടുക്കുന്ന കരാര്‍, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ സഹകരണക്കരാര്‍, ആരോഗ്യ മേഖലയിലെ സഹകണക്കരാര്‍ എന്നിവയിലാണ് ഒപ്പ് വെച്ചത്.

Update: 2018-07-17 04:48 GMT
Advertising

ഇന്ത്യ - ബഹ്റൈൻ ഉഭയകക്ഷി ബന്ധം ശക്തമാക്കി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ദ്വിദിന ബഹ്റൈൻ സന്ദർശനത്തിന് പരിസമാപ്തി. സന്ദർശനവേളയിൽ ബഹ്റൈനും ഇന്ത്യയും തമ്മില്‍ സഹകരണക്കരാറില്‍ ഒപ്പുവെച്ചു. എല്ലാതരം ഭീകരവാദത്തേയും ഇരുരാജ്യങ്ങളും അപലപിച്ചു.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെടുത്തുന്ന കരാറിലാണ് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഒപ്പുവെച്ചത്. ഒഫീഷ്യല്‍, ഡിപ്ലോമാറ്റിക് സ്‍പെഷല്‍ പാസ്‍പോര്‍ട്ടുള്ളവര്‍ക്ക് വിസ ഒഴിവാക്കിക്കൊടുക്കുന്ന കരാര്‍, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ സഹകരണക്കരാര്‍, ആരോഗ്യ മേഖലയിലെ സഹകണക്കരാര്‍ എന്നിവയിലാണ് ഒപ്പ് വെച്ചത്.

ഇന്ത്യ-ബഹ്റൈന്‍ സംയുക്ത കമ്മിറ്റി യോഗത്തിലും മന്ത്രി സുഷമ സ്വരാജ് പങ്കെടുത്തു. ബഹ്റൈന്‍-ഇന്ത്യ സംയുക്ത കമ്മിറ്റി രൂപവത്കരിച്ചത് വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതായി യോഗം വിലയിരുത്തി.

ചരിത്രപരമായ ഇന്ത്യ - ബഹ്റൈൻ ബന്ധത്തിന്റെ ഊഷ്മളത അനുസ്മരിച്ച ബഹ്റൈൻ വിദേശകാര്യ മന്ത്രി അത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ജനതകള്‍ തമ്മിലുള്ള പരസ്പര ബന്ധവും കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണുള്ളതെന്നത് സന്തോഷകരമാണെന്ന് സുഷമാ സ്വരാജ് പറഞ്ഞു. എല്ലാത്തരം ഭീകരവാദത്തെയും അപലപിക്കുന്നതായി യോഗം വ്യക്തമാക്കി.

പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവര ടക്കം ബഹ്റൈൻ ഭരണകൂടത്തിലെ പ്രമുഖരുമായും രാജ കുടുംബാംഗങ്ങളുമായും മന്ത്രി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യ - ബഹ് റൈൻ ബന്ധത്തിന് കൂടുതൽ ഊഷ്മളത പകർന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ബഹ് റൈൻ സന്ദർശനം സമാപിച്ചത്.

Tags:    

Similar News