കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഡ്രൈവുമായി യുഎഇയിലെ സ്കൂളുകള്‍
വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണമായും വാക്സിൻ നൽകിയ ശേഷം സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറുകൾ
12 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസർ ബയോടെക് വാക്സിൻ നൽകാൻ അനുമതി ലഭിച്ചതോടെ വാക്സിനേഷൻ ഡ്രൈവുമായി യുഎഇയിലെ സ്കൂളുകൾ. ചില സ്കൂളുകൾ ഇതിനായി ഹോട്ടലുകൾ ബുക്ക് ചെയ്തു. ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് വാക്സിനേഷൻ നടപ്പാക്കാൻ ശ്രമിക്കുന്ന സ്കൂളുകളും ഉണ്ട്.
വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണമായും വാക്സിൻ നൽകിയ ശേഷം സ്കൂളുകൾ 100 ശതമാനം ശേഷിയോടെ തുറന്നു പ്രവർത്തിപ്പിക്കാമെന്ന വിലയിരുത്തലിൽ ആണ് മാനേജ്മെൻറുകൾ. 42000 കുട്ടികളുള്ള ജെംസ് സ്കൂൾ വാക്സിനേഷനുള്ള ഒരുക്കത്തിലാണ്. 8000 കുട്ടികൾ ഈ ആഴ്ച തന്നെ വാക്സിനെടുക്കും. 1800 കുട്ടികൾ വാക്സിനെടുത്തു. ഷാർജയിലെയും റാസൽ ഖൈമയിലെയും വിദ്യാഭ്യാസ അധികൃതരുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. അജ്മാനിലെ ഹാബിറ്റാറ്റ് ഉൾപ്പെടെയുള്ള സ്കൂളുകളും കുട്ടികളോട് വാക്സിനെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.
ദുബൈയിലെ ഡൽഹി പ്രൈവറ്റ് സ്കൂളിലെ വാക്സിനേഷൻ ഡ്രൈവ് 21ന് തുടങ്ങി. ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 2300 കുട്ടികളാണ് ഇവിടെയുള്ളത്. വാക്സിനെടുക്കുന്നതോടെ കുട്ടികളെ സ്കൂളിലേക്കയക്കാൻ രക്ഷിതാക്കൾ തയ്യാറാകുമെന്നാണ് മാനേജ്മെൻറ് പ്രതീക്ഷ. ചില സ്കൂളുകൾ വാക്സിനേഷനെ കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനായി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വെബിനാർ നടത്താനും പദ്ധതിയുണ്ട്.