Writer - ഷിനോജ് ശംസുദ്ദീന്‍
മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.
ആന്ധ്രാപ്രദേശ് സ്വദേശിനി ബർദുബൈയിൽ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയർ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിൽ കോർഡിനേറ്ററായി ജോലി ചെയ്തിരുന്ന നേഹ പത്മയാണ് (42) മരിച്ചത്. അവധി ദിവസമായതിനാൽ ബർദുബൈയിൽ ഷോപ്പിങിന് എത്തിയതായിരുന്നു. റോഡിൽ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവർ ഭർത്താവിനെ ഫോണിൽ വിളിച്ചിരുന്നു. സംസാരം മുഴുവനാക്കാനായില്ല. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണിൽ തുടർന്നിരുന്ന ഭർത്താവിനെ വിവരമറിയിച്ചത്. റാശിദ് ആശുപത്രിയിലേക്ക് കൊണ്ടോപോയെങ്കിലും എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. പത്തുവർഷത്തിലധികമായി മാഫ് ഫയറിൽ ജോലി ചെയ്യുന്ന നേഹ നന്നായി മലയാളം സംസാരിക്കുന്നതിനാൽ നിരവധി മലയാളികൾ സുഹൃത്തുക്കളായുണ്ട്. ഷാർജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭർത്താവ് പുതി സൂര്യ കാർട്ട്ലിയൻ ടവർ ഹോട്ടലിലെ സൂപ്പർവൈസറാണ്. മകൻ പുതി ആദിത്യ അമേരിക്കയിലും, മകൾ മഹിത ഇന്ത്യയിലും വിദ്യാർഥികളാണ്. റാശിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.