കുവൈത്തിലേക്ക് മരുന്നുകള്‍ കൊണ്ട് വരുന്നത് ഒഴിവാക്കണം: ഇന്ത്യന്‍ അംബാസഡര്‍

എല്ലാ മരുന്നുകളും കുവൈത്തില്‍ ലഭിക്കും എന്നിരിക്കെ നാട്ടില്‍നിന്ന് കൊണ്ട് വരുന്നത് ഒഴിവാക്കണമെന്നും അംബാസഡര്‍ അഭ്യര്‍ത്ഥിച്ചു

Update: 2021-12-22 14:30 GMT
Advertising

കുവൈത്ത്: കുവൈത്തിലേക്ക് വരുമ്പോള്‍ മരുന്നുകള്‍ കൊണ്ട് വരുന്നത് ഒഴിവാക്കണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആവശ്യപ്പെട്ടു. കുവൈത്തിലെ മുഴുവന്‍ ഇന്ത്യക്കാരും കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും അംബാസഡര്‍ ആഹ്വാനം ചെയ്തു.എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ നിന്ന് മരുന്നുകളുമായി വരുന്ന പ്രവാസികള്‍ കുവൈത്ത് വിമാനത്താവളത്തില്‍ തടഞ്ഞ് വെക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും, മെഡിസിന്‍ കൊണ്ട് വരുന്നവര്‍ നിയമ നടപടികള്‍ നേരിടാനും നാടുകടത്തപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാ മരുന്നുകളും കുവൈത്തില്‍ ലഭിക്കും എന്നിരിക്കെ നാട്ടില്‍നിന്ന് കൊണ്ട് വരുന്നത് പരമാവധി ഒഴിവാക്കണമെന്നും അംബാസഡര്‍ അഭ്യര്‍ത്ഥിച്ചു.

കോവാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്ക് പ്രവേശനം സാധ്യമാക്കുന്നതിനായി കുവൈത്ത് അധികൃതരുമായി ചര്‍ച്ച തുടരുന്നതായും അംബാസഡര്‍ അറിയിച്ചു. അധികം വൈകാതെ കോവാക്‌സിന് കുവൈത്തിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഷീല്‍ഡ് പോലുള്ള അംഗീകൃത വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആയി എടുത്താല്‍ കുവൈത്തിലേക്ക് വരാം. കോവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് വേണ്ടി എംബസി ആരംഭിച്ച രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടരുന്നതായും അംബാസഡര്‍ അറിയിച്ചു. എന്‍ജിനീയറിങ്് അക്രഡിറ്റേഷന്‍, നഴ്‌സിങ് റിക്രൂട്‌മെന്റ് തുടങ്ങിയ വിഷയങ്ങളും ഓപ്പണ്‍ ഹൗസില്‍ ചര്‍ച്ച ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News