കുവൈത്തില്‍ പ്രവാസികളുടെ ചികിത്സക്കായി നിർമ്മിച്ച ദമാൻ ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമാകുന്നു
സർക്കാർ- സ്വകാര്യ മേഖല പങ്കാളിത്തത്തിൽ പ്രവാസികളുടെ ചികിത്സക്കായി മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തെ ആരോഗ്യ പരിപാലന സ്ഥാപനമാണ് ദമാൻ
കുവൈത്ത് സിറ്റി: പ്രവാസികളുടെ ചികിത്സക്കായി കുവൈത്തിൽ നിർമ്മിച്ച ദമാൻ ആശുപത്രികൾ പ്രവർത്തന സജ്ജമാകുന്നു. കഴിഞ്ഞ ദിവസം അഹമ്മദിയിലെ ആശുപത്രിയിലേയും, ഫഹാഹീൽ സെന്ററിലേയും ആരോഗ്യ ഇൻഷുറൻസ് സംവിധാനം ദമാൻ അധികൃതർ പരിശോധിച്ചു. സർക്കാർ- സ്വകാര്യമേഖല പങ്കാളിത്തത്തിൽ പ്രവാസികളുടെ ചികിത്സക്കായി മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തെ ആരോഗ്യ പരിപാലന സ്ഥാപനമാണ് ദമാൻ. മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി സെന്ററുകൾ, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ, ആംബുലൻസ്, മെഡിക്കൽ പരിശീലന സൗകര്യങ്ങൾ തുടങ്ങിയ നിരവധി സേവനങ്ങൾ ദമാനിൽ ലഭ്യമാകും.
ഇന്റഗ്രേറ്റഡ് ഹെൽത്ത് മെയിന്റനൻസ് സിസ്റ്റം വഴി മെഡിക്കൽ സേവനങ്ങൾ നൽകുന്ന ആദ്യത്തെ ആരോഗ്യ സ്ഥാപനമായ ദമാനിൽ രാജ്യത്തെ ഹെൽത്ത് കെയർ ഫെസിലിറ്റിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. അൻവർ അൽ-റഷീദ് പറഞ്ഞു. പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ കുവൈത്തികൾക്ക് 6,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദമാൻ ഡയറക്ടർ ബോർഡ് അംഗം ഖാലിദ് അൽ അബ്ദുൾഗാനി പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുടെ പ്രവർത്തനം സർക്കാർ ആശുപത്രികളിലെ സമ്മർദ്ദവും തിരക്കും കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഫഹാഹീലും ജഹ്‌റയിലുമായി രണ്ട് ആശുപത്രികളുമാണ് പ്രവർത്തിക്കുക. മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളും അവരുടെ കുടുംബവും ഇതിന്റെ പ്രയോജകരായി മാറും. അത്യാധുനിക സൗകര്യങ്ങളുമുള്ള ആശപത്രികളും ക്ലിനിക്കുകളും ആണ് തയ്യാറാകുന്നത്. പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ പ്രവാസികളുടെ വാർഷിക ആരോഗ്യ ഇൻഷുറൻസ് തുകയിലും വർധനവ് ഉണ്ടാകും. .