ആഘോഷങ്ങൾ അതിരു കവിയരുത്; കുവൈത്ത് ദേശീയ ദിനാഘോഷങ്ങള്‍ നിരീക്ഷിക്കുവാന്‍ ആഭ്യന്തര മന്ത്രാലയം
അവധി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിത്തിന്‍റെ ആഘോഷങ്ങൾ അതിരു കവിയരുതെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ദേശീയ-വിമോചന ആഘോഷങ്ങള്‍ വിജയകരമാക്കാന്‍ സ്വദേശികളും വിദേശികളും സഹകരിക്കണം. അവധി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങൾക്കോ വാഹനങ്ങൾക്കോ മീതെയോ ഫോം സ്പ്രേ, വെള്ളം തുടങ്ങിയവ സ്പ്രേ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു . ഗതാഗതം തടസ്സപ്പെടുത്തുക, വാഹനങ്ങളുടെ മുകളിലോ മുൻവശത്തോ ഇരിക്കുക, വാഹനങ്ങളുടെ ജനൽ വഴി കൈയും തലയും പുറത്തിടുക, നിരോധിത സ്ഥലങ്ങളിലോ ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത സ്ഥലത്തോ പാർക്ക് ചെയ്യുക, അമിതവേഗത്തിൽ വാഹനമോടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. അതോടപ്പം റോഡിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്നവരെയും പിടികൂടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഘോഷ വേളയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.