കുവൈത്തിലെ പുതിയ ആകർഷണം; ഖൈറാൻ പാർക്ക് പദ്ധതിയുടെ പ്രാരംഭ രൂപകൽപ്പനയും സാധ്യതാ പഠനവും പൂർത്തിയായി
800,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള പാർക്കിൽ മൊത്തം 300 മുറികളുള്ള രണ്ട് ഹോട്ടലുകൾ, 200 ചാലറ്റുകൾ എന്നിവയുൾപ്പെടെ വിവിധ പദ്ധതികൾ
കുവൈത്ത് സിറ്റി: ഖെറാൻ പാർക്ക് പദ്ധതി ആരംഭിക്കാനൊരുങ്ങി കുവൈത്ത് ടൂറിസ്റ്റിക് എന്റർപ്രൈസസ് കമ്പനി. പദ്ധതിയുടെ ഫീസിബിലിറ്റി സ്റ്റഡിയും പ്രാരംഭ രൂപകൽപ്പനയും പൂർത്തിയാക്കി. പദ്ധതി ആരംഭിക്കുന്നതിന് ആവശ്യമായ നിയമങ്ങൾ അന്തിമമാക്കാൻ കമ്പനി സർക്കാർ ഏജൻസികളുമായി സഹകരിച്ചു വരികയാണ്. 800,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള പാർക്കിൽ മൊത്തം 300 മുറികളുള്ള രണ്ട് ഹോട്ടലുകൾ, അന്തർദേശീയ നിലവാരത്തിൽ സജ്ജീകരിച്ച 200 ചാലറ്റുകൾ എന്നിവ ഉൾപ്പെടെ വിവിധ പദ്ധതികൾ ഉൾപ്പെടുത്തുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്സ് റിലീസിൽ അറിയിച്ചു. പദ്ധതിയിൽ ഒരു പ്രത്യേക സ്‌പോർട്‌സ് ഏരിയ, ഒരു വിനോദ മേഖല, ഒരു വാട്ടർ വില്ലേജ്, പാർക്കിന്റെ അതിർത്തികൾക്കുള്ളിൽ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയും ഉൾപ്പെടും.
കമ്പനിയുടെ ചെയർമാനായ ശൈഖ് മുഹമ്മദ് സൽമാൻ അസ്സബാഹ്, ടൂറിസ്റ്റിക് എന്റർപ്രൈസസ് കമ്പനിയുടെ തീവ്രമായ പ്രവർത്തനങ്ങൾ 'ന്യൂ കുവൈത്ത് 2035' എന്ന തന്ത്രവുമായി പൊരുത്തപ്പെടുന്നതാണെന്ന് പറഞ്ഞു. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്ക്കരിക്കുകയും കുവൈത്തിലെ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ടൂറിസം, വിനോദ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ഒരു സമ്പന്നമായ ദേശീയ സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് സബാഹിയ പാർക്കും 'വിന്റർ വണ്ടർലാൻഡും' യഥാക്രമം രണ്ടാം, മൂന്നാം സീസണുകൾക്കായി വീണ്ടും തുറക്കുന്നതിനൊപ്പം ടൂറിസം പ്രോജക്ട്‌സ് കമ്പനി 2024-2025 സീസണിന് പൂർണമായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശകർക്ക് അതുല്യവും ആസ്വാദ്യവുമായ അനുഭവം ഉറപ്പാക്കാൻ വരുന്ന ശൈത്യകാലത്ത് രാജ്യത്തുടനീളം വിവിധ വിനോദ പരിപാടികളും കമ്പനി ഒരുക്കുന്നുണ്ട്.