കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ പുതിയ സംവിധാനം
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്രക്കാരില്‍നിന്ന് അഭിപ്രായങ്ങള്‍ തേടുന്നത്
കുവൈത്തില്‍ വിമാനത്താവളത്തിലെ സേവനങ്ങളെ കുറിച്ചുള്ള യാത്രക്കാരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ പുതിയ സംവിധാനവുമായി വ്യോമയാന വകുപ്പ്. വിവിധ സേവനങ്ങളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായം ഇലക്ട്രോണിക് സര്‍വേയിലൂടെ ശേഖരിക്കാനാണ് ഡി.ജി.സി.എ ലക്ഷ്യമിടുന്നത്.
കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്രക്കാരില്‍നിന്ന് അഭിപ്രായങ്ങള്‍ തേടുന്നത്. എയര്‍പോര്‍ട്ടിന്റെ പലഭാഗങ്ങളിലായി ഇതിനായി പ്രത്യേക ബ്രോഷറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തല്‍ ലഭിക്കുന്ന വെബ്‌പേജിലാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ചോദ്യാവലിക്ക് യാത്രക്കാര്‍ നല്‍കുന്ന ഉത്തരങ്ങളിലൂടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെകുറിച്ചുള്ള അഭിപ്രായങ്ങള്‍ അധികൃതര്‍ക്ക് ലഭിക്കും.
യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും മികച്ച നിലവാരത്തോട് കൂടി നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വ്യോമയാനവകുപ്പ് ഉപമേധാവി സാലിഹ് അല്‍ ഫദാഗി പറഞ്ഞു. പുതുതായി രൂപീകരിച്ച ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഉള്‍പ്പെടെ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ യാത്രക്കായി വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രാ രേഖകള്‍ കൈയിലുണ്ടെന്ന് ഉറപ്പാക്കണമെന്നും പാസ്സ്‌പോര്‍ട്ടിന്റെയും മറ്റും കാലാവധി പരിശോധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വേനലവധിയും പെരുന്നാള്‍ അവധിയും കാരണം വലിയ തിരക്കാണ് വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത്.