ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു കഴിഞ്ഞാൽ താമസാനുമതി അസാധുവാകുന്ന നിയമം ഗാർഹിക മേഖലക്ക് മാത്രം ബാധകം
പ്രവാസികളുടെ താമസരേഖ വിദേശത്തു നിന്ന് ഓൺലൈനായി പുതുക്കുന്നതിനുള്ള സംവിധാനവും തുടരുന്നതായാണ് റിപ്പോർട്ട്.
ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു കഴിഞ്ഞാൽ താമസാനുമതി അസാധുവാകുന്ന നിയമം ഗാർഹിക മേഖലക്ക് മാത്രം ബാധകം. മറ്റു വിസകാറ്റഗറികളിൽ ഉള്ളവർക്ക് കോവിഡ് കാലത്ത് അനുവദിച്ച പ്രത്യേക ഇളവ് ഇപ്പോഴും തുടരുന്നതായി താമസകാര്യ വൃത്തങ്ങൾ അറിയിച്ചു. പ്രവാസികളുടെ താമസരേഖ വിദേശത്തു നിന്ന് ഓൺലൈനായി പുതുക്കുന്നതിനുള്ള സംവിധാനവും തുടരുന്നതായാണ് റിപ്പോർട്ട്.
രാജ്യത്തെ റെസിഡൻസി നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. എന്നാൽ കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിൽ പ്രവാസികളുടെ മടക്കയാത്ര മുടങ്ങിയ പശ്ചാത്തലത്തിൽ പ്രത്യേക മന്ത്രിസഭാ തീരുമാനത്തിലൂടെ ഈ നിയമം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചെങ്കിലും ഗാർഹിക ജോലിക്കാർക്ക് മാത്രമാണ് ബാധകമാക്കിയത്. പിന്നീട് ഇത് സംബന്ധിച്ച അറിയിപ്പുകൾ ഒന്നും വരാതിരുന്നതിനാൽ പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ ഗാർഹിക വിസയിൽ അല്ലാത്തവർക്ക് ആറുമാസം കഴിഞ്ഞാലും ഇഖാമ കാലാവധി ഉണ്ടെങ്കിൽ കുവൈത്തിലേക്ക് തിരിച്ചു വരുന്നതിനു തടസ്സമില്ല എന്നാണ് താമസകാര്യ വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ചു അൽ അൻബ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ഗാർഹികത്തൊഴിലാളികൾക്ക് ആറുമാസത്തിൽ കൂടുതൽ കാലം രാജ്യത്തിനു പുറത്തു കഴിയണമെങ്കിൽ സ്പോൺസർ പ്രത്യേക അപേക്ഷ നൽകേണ്ടതുണ്ട്. അല്ലാത്ത പക്ഷം ആറുമാസം പൂർത്തിയാകുന്നതോടെ ഇഖാമ സിസ്റ്റത്തിൽ നിന്നും അസാധുവാകും. വിദേശത്തായിരിക്കുമ്പോൾ പ്രവാസികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനവും ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.