യു.പി.ഐ സംവിധാനത്തിൽ കുവൈത്തിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം
ആദ്യ ഘട്ടത്തിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കാർ ഉള്ള കുവൈത്തും ബഹ്റൈനും പുറത്താണ്.
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് അതാത് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന യു.പി.ഐ സംവിധാനത്തിൽ കുവൈത്തിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. ഇന്ത്യയിലെ വിവിധ ബില്ലുകൾ അടക്കുന്നതിനും പണമിടപാടുകൾക്കും ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം, മൊബൈൽ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം ചെയ്യാൻ ഉപകരിക്കുന്നു. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച പെയ്മെന്റ് സംവിധാനമായ യു.പി.ഐ 10 രാജ്യങ്ങളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആദ്യ ഘട്ടത്തിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കാർ ഉള്ള കുവൈത്തും ബഹ്റൈനും പുറത്താണ്.
പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഈ സംവിധാനത്തിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾ ഉന്നയിക്കുന്നത്. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, യു.എസ്.എ, സൗദി അറേബ്യ, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഈ സേവനം ലഭിക്കുന്നത്. ജി.സി.യിൽ നിന്ന് ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ പട്ടികയിലുണ്ട്.