കുവൈത്തിൽ സഹൽ ആപ്പ് വഴിയുള്ള വാഹന ഉടമസ്ഥാവകാശ കൈമാറ്റം സജീവം
ആദ്യ ഒമ്പത് മണിക്കൂറിൽ നടന്നത് 500 ഇടപാടുകൾ
Update: 2024-09-03 09:34 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ സഹൽ ആപ്പ് വഴിയുള്ള വാഹന ഉടമസ്ഥാവകാശ കൈമാറ്റം സജീവം. ആദ്യ ഒമ്പത് മണിക്കൂറിൽ നടന്നത് 500 ഇടപാടുകൾ നടന്നതായി ട്രാഫിക് അഫേഴ്‌സ് ആൻഡ് ഓപ്പറേഷൻസിലെ ടെക്‌നിക്കൽ ഓഫീസ് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ അദ്‌വാനി അറിയിച്ചു. സേവനം സ്വകാര്യ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്. കമ്പനികൾക്ക് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഗവൺമെൻറ് ഏജൻസികൾ, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ്, ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് എന്നിവയുമായി സഹകരിച്ച് അഞ്ച് മാസത്തിലേറെ നീണ്ട പ്രയത്‌നത്തെ തുടർന്നാണ് ഈ നേട്ടം. ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് മന്ത്രാലയം നിരവധി ഇലക്ട്രോണിക് സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്‌വാനി ചൂണ്ടിക്കാട്ടി.