ബിനാമി സ്ഥാപനങ്ങൾക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തി 19000 സ്ഥാപനങ്ങൾ

ബിനാമി ബിസിനസ് കേസുകള്‍ കണ്ടെത്താനുള്ള സംവിധാനവും സൂചനകളും പരിഷ്‌കരിക്കാനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്

Update: 2023-06-07 17:55 GMT
Advertising

ജിദ്ദ: സൗദിയിൽ ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കാന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 19000 സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാനായി സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഇത് വരെ 19,046 വ്യാപാര സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പതിനാറായിരത്തിലധികം സ്ഥാപനങ്ങളും വിദേശ നിക്ഷേപ ലൈസന്‍സുകള്‍ നേടിയാണ് പദവി ശരിയാക്കിയത്.

ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാനും പദവി ശരിയാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 14 ലക്ഷത്തിലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളും വാണിജ്യ മന്ത്രാലയം പരിശോധിച്ചു. ബിനാമി ബിസിനസ് കേസുകള്‍ കണ്ടെത്താനുള്ള സംവിധാനവും സൂചനകളും പരിഷ്‌കരിക്കാനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഇത് വരെ പതിനാല് ലക്ഷത്തിൽ പരം (14,02,338) കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവലോകനം ചെയ്തു. സ്ഥാപനങ്ങളുടെ വലിപ്പം, പ്രവര്‍ത്തന മേഖല, പ്രവര്‍ത്തിക്കുന്ന പ്രവിശ്യ എന്നിവയെല്ലാം പരിഗണിച്ചാണ് പരിശോധന. ബിനാമി ബിസിനസ് കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനായി പതിമൂന്നു സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തി സൂപ്പര്‍വൈസിംഗ് സമിതിയും, 19 സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News