എ.സി.സി പ്രീമിയർ കപ്പ് ടി20 ടൂർണമെന്റ്: ഫൈനലിൽ ഒമാൻ- യു.എ.ഇ പോരാട്ടം
സെമിഫൈനലിൽ ഒമാൻ ഹോങ്കോംഗിനെയും യു.എ.ഇ നേപ്പാളിനെയും തോൽപ്പിച്ചു
മസ്‌കത്ത്: എ.സി.സി പുരുഷ പ്രീമിയർ കപ്പ് ടി20 ടൂർണമെന്റ് ഫൈനലിൽ ആതിഥേയരായ ഒമാനും യുഎഇയും ഞായറാഴ്ച ഏറ്റുമുട്ടും. വെള്ളിയാഴ്ച ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന സെമിഫൈനലിൽ ഇരു ടീമുകളും വിജയിച്ചതോടെയാണ് ഫൈനൽ ചിത്രം തെളിഞ്ഞത്. സെമിഫൈനലിൽ ഒമാൻ ഹോങ്കോംഗിനെയും യു.എ.ഇ നേപ്പാളിനെയുമാണ് തോൽപ്പിച്ചത്. ഒമാൻ ഹോങ്കോങ്ങിനെ അഞ്ച് വിക്കറ്റിനും യു.എ.ഇ നേപ്പാളിനെ ആറ് വിക്കറ്റിനുമാണ് തോൽപ്പിച്ചത്. ഒമാനായി ഓൾറൗണ്ടർ ആക്വിബ് ഇല്യാസ് മികച്ച പ്രകടനം നടത്തി. അർധസെഞ്ച്വറി നേടിയ താരം 14 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റും വീഴ്ത്തി.
സെമിഫൈനലിലെ വിജയത്തോടെ, ഒമാനും യു.എ.ഇയും 2024 നവംബർ-ഡിസംബർ മാസങ്ങളിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന എ.സി.സി എമേർജിംഗ് ടീംസ് ഏഷ്യാ കപ്പിൽ സ്ഥാനം ഉറപ്പിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിലെ വിജയിക്ക് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകളോടൊപ്പം 2025 ഏഷ്യാ കപ്പിൽ നേരിട്ട് ബർത്ത് ലഭിക്കും. .സി.സി എമേർജിംഗ് ടീംസ് ഏഷ്യാ കപ്പിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാകാൻ നേപ്പാൾ ശനിയാഴ്ച ഹോങ്കോങ്ങിനെ നേരിടും.
സെമിയിൽ ഒമാൻ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് നേടിയത്. എന്നാൽ 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒമാൻ 132 റൺസ് നേടി.
ആദ്യ സെമിയിൽ നേപ്പാളിനെതിരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സി(യുഎഇ)നാണ് ടോസ് ലഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് മാത്രമാണ് നേടിയത്. 17.2 ഓവറിൽ യു.എ.ഇ ലക്ഷ്യം മറികടന്നു. അലി ഷാൻ ഷറഫുവിൻറ അർധസെഞ്ച്വറി(55) മികവിൽ നാല് വിക്കറ്റ് നഷ്‌പ്പെടുത്തി 123 റൺസാണ് ടീം നേടിയത്. തുടർച്ചയായ നാല് വിജയങ്ങളുമായെത്തിയ നേപ്പാൾ യു.എ.ഇക്ക് മുമ്പിൽ വീഴുകയായിരുന്നു.