ഒമാനിൽ ഡ്രോൺ ഓപ്പറേറ്റർമാർക്ക് സി.എ.എ അംഗീകൃത പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധം

നിയമം 2024 ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

Update: 2024-05-22 04:53 GMT
Advertising

മസ്‌കത്ത്: ഒമാനിൽ ഡ്രോൺ ഓപ്പറേറ്റർമാർക്ക് സി.എ.എ അംഗീകൃത പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധം. അൺ മാൻഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിലും(യുഎഎസ്)-വാണിജ്യ -ഗവൺമെന്റ് പദ്ധതികളിലും ഏർപ്പെട്ടിരിക്കുന്ന ഡ്രോൺ ഓപ്പറേറ്റർമാർക്കാണ് പരിശീലനം നിർബന്ധമാക്കിയത്. നിയമം 2024 ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.

2024 ഡിസംബർ ഒന്നിന് ശേഷം സമർപ്പിക്കുന്ന യുഎഎസ് പ്രവർത്തനങ്ങൾക്കായുള്ള അപേക്ഷകൾ സിഎഎ അംഗീകരിച്ച പരിശീലന ഓർഗനൈസേഷൻ നൽകുന്ന സാധുവായ പരിശീലന സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ പരിഗണിക്കില്ല. സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) 1412/2023 പ്രകാരം ചില പ്രത്യേക തരത്തിലുള്ളതൊഴികെയുള്ള ഡ്രോൺ പ്രവർത്തനം നിയന്ത്രിക്കുകയാണ്. ഭാരം 250 ഗ്രാമും പരമാവധി ഉയരം നിലത്തു നിന്ന് 100 മീറ്ററും കവിയാത്ത കളിപ്പാട്ട ഡ്രോണുകൾ ഇൻഡോറായി ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമില്ല. എന്നാൽ അവയിൽ ഡാറ്റാ സെൻസറുകളോ ഫോട്ടോഗ്രാഫിക് ഉപകരണങ്ങളോ ഉണ്ടാകാൻ പാടില്ല.

ഡ്രോൺ ഉപയോഗം വഴി ആളുകൾക്കോ അവരുടെ സ്വത്തിനോ അപകടമില്ലെന്ന് ലൈസൻസ് നേടിയയാൾ ഉറപ്പുവരുത്തണം. കൂടാതെ മുൻകൂർ അനുമതിയില്ലാതെ ചരക്കുകൾ കൊണ്ടുപോകുകയോ ഡെലിവറി സേവനങ്ങൾ നടത്തുകയോ ചെയ്യരുത്. ആളുകൾക്കോ പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്തുക്കൾക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ലൈസൻസി ഉത്തരവാദിയായിരിക്കും. ഏതെങ്കിലും ഡ്രോൺ അപകടമുണ്ടായാൽ ലൈസൻസി ബന്ധപ്പെട്ട കക്ഷികളെ ഉടൻ അറിയിക്കണം.

രജിസ്‌ട്രേഷൻ യോഗ്യത

ഡ്രോൺ ലൈസൻസ് ലഭിക്കുന്നതിന് ഇനിപ്പറയുന്ന വിശദാംശങ്ങൾ ആവശ്യമാണ്. അപേക്ഷകൻ 18 വയസ്സിൽ കുറയാത്ത പ്രായമുള്ള, നിയമപരമായി ഒമാനിൽ രജിസ്റ്റർ ചെയ്ത വ്യക്തിയായിരിക്കണം. സിവിൽ ഏവിയേഷൻ ചട്ടങ്ങളാൽ യോഗ്യതയുള്ള അധികാരി നിർണയിക്കുന്ന ടെസ്റ്റ് അല്ലെങ്കിൽ പരിശീലനത്തിൽ വിജയിക്കണം. ഇതിനായി തയ്യാറാക്കിയ ഫോറം അനുസരിച്ച് ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷ അധികാരിക്ക് സമർപ്പിക്കേണ്ടതാണ്. യോഗ്യതയുള്ള അധികാരി ലൈസൻസ് നേടുന്നതിനുള്ള അപേക്ഷ പഠിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് എല്ലാ രേഖകളും സാങ്കേതിക ഡാറ്റയും സ്‌പെസിഫിക്കേഷനുകളും പരിശോധിക്കുകയും ചെയ്യും. രേഖകൾ, ഡാറ്റ, സ്‌പെസിഫിക്കേഷനുകൾ എന്നിവ മതിയായതല്ലെങ്കിൽ അപേക്ഷകനെ അറിയിക്കും. അപേക്ഷയിലെ പോരായ്മകൾ പരിഹരിക്കുന്നതിന് അറിയിപ്പ് തീയതി മുതൽ 30 ദിവസത്തിൽ കൂടാത്ത കാലയളവ് നൽകും. അതിനകം ചെയ്യാത്ത പക്ഷം, അപേക്ഷ റദ്ദാക്കിയതായി കണക്കാക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News