പിരിഞ്ഞ് പോവുന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയായി ഒരു മാസത്തെ ശമ്പളം നൽകണം - ഒമാൻ തൊഴിൽ മന്ത്രാലയം

സോഷ്യൽ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കാണ് ഗ്രാറ്റ്വിറ്റി ലഭിക്കുക

Update: 2024-10-27 16:45 GMT
Advertising

മസ്‌കത്ത്: ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ വിദേശി ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യമായ ഗ്രാറ്റുവിറ്റിയായി  ഒരു മാസത്തെ മുഴുവൻ ശമ്പളവും നൽകണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. ഈ വർഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ വിശദീകരണത്തിലാണ് തൊഴിൽ മന്ത്രാലയം വ്യക്തത വരുത്തിയത്. സോഷ്യൽ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കുക.

പഴയ നിയമമനുസരിച്ച് വിദേശ ജീവനക്കാർക്ക് ആദ്യത്തെ മൂന്നു വർഷം 15 ദിവസത്തെ അടിസ്ഥാന ശമ്പളവും പിന്നീടുള്ള വർഷങ്ങളിൽ ഒരു മാസത്തെ ശമ്പളവുമാണ് ഗ്രാറ്റുവിറ്റിയായി നൽകേണ്ടത്. എന്നാൽ, പുതിയ നിയമം അനുസരിച്ച് പിരിഞ്ഞു പോവുമ്പോൾ ആദ്യ വർഷം മുതൽ തന്നെ ഒരു മാസത്തെ ശമ്പളം ഗ്രാറ്റുവിറ്റിയായി നൽകണം. നിയമം നടപ്പിൽ വന്ന 2023 ജൂലൈ 31 മുതലാണ് പുതിയ ആനുകൂല്യം നിലവിൽ വരിക.

പുതിയ തൊഴിൽ നിയമത്തിന്റെ ആറാം ഖന്ധിക തൊഴിൽ അവസാനിപ്പിച്ച് ജോലിയിൽൽനിന്ന് പിരിഞ്ഞുപോവുമ്പോൾ നൽകുന്ന ആനുകുല്യത്തെ പറ്റി മാർഗനിർദേശം നൽകുന്നുണ്ട്. സോഷ്യൽ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കാണ് ഗ്രാറ്റ്വിറ്റി ലഭിക്കുക. ജോലിയിൽനിന്ന് പിരിയുന്ന അവസാന മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാറ്റുവിറ്റി കണക്കാക്കുക.

പഴയ ഗ്രാറ്റുവിറ്റി നിയമം നിലവിലുള്ളപ്പോൾ ജോലിയിൽ പ്രവേശിച്ചവർക്ക് ഇതേ അടിസ്ഥാനത്തിൽ തന്നെയായിരിക്കുംഗ്രാറ്റുവിറ്റി ലഭിക്കുക. എന്നാൽ, പഴയ ഗ്രാറ്റുവിറ്റി നിയമവും പുതിയ ഗ്രാറ്റുവിറ്റി നിയമവും ബാധിക്കുന്ന കാലത്ത് ജോലിയിൽ പ്രവേശിച്ചവർക്ക് പഴയ നിയമകാലത്ത് പകുതി മാസശമ്പള ഗ്രാറ്റുവിറ്റിയും പുതിയ നിയമം നടപ്പിലായത് മുതൽ ഒരു മാസ ശമ്പള ഗ്രാറ്റുവിറ്റിയുമാണ് ലഭിക്കുക.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News