പുതിയ മൂന്ന് വിമാനത്താവളങ്ങളുടെ രൂപകൽപനക്കായി ടെണ്ടർ ക്ഷണിച്ച് ഒമാൻ സിഎഎ

ജബൽ അഖ്ദർ, മസീറ ദ്വീപ്, സുഹാർ എന്നിവിടങ്ങളിലാണ് നിർദ്ദിഷ്ട വിമാനത്താവളങ്ങൾ

Update: 2024-09-07 10:03 GMT
Advertising

മസ്‌കത്ത്: പുതിയ മൂന്ന് വിമാനത്താവളങ്ങളുടെ രൂപകൽപനക്കായി ടെണ്ടർ ക്ഷണിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ). പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ജബൽ അഖ്ദർ(ദാഖിലിയ ഗവർണറേറ്റ്), മസീറ ദ്വീപ് (സൗത്ത് ഷർഖിയ), സുഹാർ(നോർത്ത് ബാത്തിന) എന്നിവിടങ്ങളിലെ നിർദ്ദിഷ്ട വിമാനത്താവളങ്ങളുടെ സൈറ്റ് സെലക്ഷൻ പഠനം, മാസ്റ്റർപ്ലാൻ, രൂപകൽപന, മേൽനോട്ടം എന്നിവ ഏറ്റെടുക്കുന്നതിനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്. പ്രമുഖ പ്രാദേശിക, അന്തർദേശീയ കൺസൾട്ടൻസി സ്ഥാപനങ്ങൾ ലേലം വിളിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. അന്തിമ ബിഡുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഒക്ടോബർ ഏഴാണ്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള പ്രധാന സ്ഥലങ്ങളിൽ മൊത്തം ആറ് പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സിഎഎ ചെയർമാൻ നായിഫ് ബിൻ അലി അൽ അബ്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ടൂറിസം, ലോജിസ്റ്റിക്‌സ്, നിക്ഷേപം, വികസനം തുടങ്ങിയ പ്രോത്സാഹിപ്പിക്കുന്നതിന് എയർ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സലാംഎയർ പോലെ കുറഞ്ഞ നിരക്കിലുള്ള ഒരു പുതിയ വിമാനക്കമ്പനിക്ക് ലൈസൻസ് നൽകാനുള്ള ഉദ്ദേശവും അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

ജനപ്രിയ വേനൽ അവധിക്കാല കേന്ദ്രമാണ് മസീറ ദ്വീപ്. ജല കായിക വിനോദങ്ങളടക്കമുള്ളവ ഇവിടെയുണ്ട്. സുഹാറിൽ നിലവിൽ ഒരു വിമാനത്താവളമുണ്ട്. രാജ്യത്തെ മറ്റ് ടൂറിസ്റ്റ്, വാണിജ്യ കേന്ദ്രങ്ങളുമായി സൗകര്യപ്രദമായ ആഭ്യന്തര വിമാന കണക്റ്റിവിറ്റി പ്രാപ്തമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും കൂടുതൽ നിക്ഷേപം ആവശ്യമായിരിക്കുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News