ഹഫീത് റെയിലിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി
ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയാണ് 'ഹഫീത് റെയിൽ'
മസ്‌കത്ത്: ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ (ഹഫീത് റെയിൽ) നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അസ്യാദ് ഗ്രൂപ്പ് സി.ഇ.ഒ എഞ്ചിനീയർ അബ്ദുൽ റഹ്‌മാൻ ബിൻ സലേം അൽ ഹാത്മിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
ഭൂപ്രദേശത്തിന്റെ ഘടനയും കാലാവസ്ഥയും പരിഗണിച്ച് നൂതന എഞ്ചിനീയറിംഗ് സൊല്യൂഷനുകൾ ഉപയോഗിച്ചാണ് റെയിൽവേ ശ്യംഖല രൂപകൽപന ചെയ്തത്. 2.5 കിലോമീറ്റർ നീളമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ 34 മീറ്റർ വരെ ഉയരം വരുന്ന ചില പാലങ്ങളും ഇതിൽപ്പെടുന്നുണ്ട്.
സോഹാറിലും അൽ ഐനിലും പാസഞ്ചർ സ്റ്റേഷനുകളും ബുറൈമി, സോഹാർ, അൽ ഐൻ എന്നിവിടങ്ങളിൽ ചരക്ക് സ്‌റ്റേഷനുകളുമുണ്ടാകും. സോഹാറിനും അബുദാബിക്കുമിടയിലുള്ള ദൂരം 100 മിനിറ്റിനുള്ളിൽ ട്രെയിൻ മറികടക്കും. അതേസമയം, സോഹാറിനും അൽ ഐനിനും ഇടയിലുള്ള 238 കിലോമീറ്റർ ദുരം 47 മിനുട്ട് കൊണ്ട് മറികടക്കാനാകുമെന്നും എഞ്ചിനീയർ അബ്ദുൽ റഹ്‌മാൻ പറഞ്ഞു.
ഒരു ട്രെയിൻ യാത്രയിൽ 25,000 ടണ്ണിലധികം സാധാരണ ചരക്കോ അല്ലെങ്കിൽ 270 ലധികം സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകളോ കയറ്റി അയക്കാൻ സാധിക്കും. മറ്റ് ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് ഇതിലൂടെ കാർബൺ ബഹിർഗമനം 10 മടങ്ങ് കുറക്കാമെന്നും പദ്ധതിയിലൂടെ വൻ സാമ്പത്തിക ലാഭമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചരക്ക് ട്രെയിനിന്റെ വേഗത മണിക്കൂറിൽ 120 കീലോമീറ്ററും പാസഞ്ചർ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 200 കിലോമീറ്ററുമായിരിക്കും. മറ്റ് ഗതാഗത മാർഗങ്ങളെ അപേകഷിച്ച് ചരക്ക് ഗതാഗത ചെലവിൽ 35 മുതൽ 40 ശതമാനം വരെ ലാഭം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ സോഹാറിൽ നിന്നും അബൂദബിയിലേക്കുള്ള കടൽ മാർഗമുള്ള ചരക്കുനീക്കത്തിന്റെ 80 ശതമാനം സമയവും ലാഭിക്കാനാകും. അതേസമയം, ട്രക്കുവഴിയുള്ള ചരക്കുനീക്കത്തിന്റെ 50 ശതമാനം വരെ സമയവും ലാഭിക്കാനുകും.