സി.ബി.എസ്.ഇ പത്താം ക്ലാസ്: ഒമാനിൽ റിതി മിതേഷ് പട്ടേലും അക്ഷയ അളഗപ്പനും ഒന്നാമത്

സി.ബി.എസ്.ഇ പ്ലസ്ടുവിൽ ഇന്ത്യൻ സ്‌കൂൾ ദർസൈത് വിദ്യാർഥി യദു കൃഷ്ണ ബാലകൃഷ്ണൻ ഒന്നാമത്

Update: 2024-05-14 06:07 GMT
Advertising

മസ്‌കത്ത്: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷയിൽ ഒമാനിൽ റിതി മിതേഷ് പട്ടേലും അക്ഷയ അളഗപ്പനും ഒന്നാമത്. ഇരുവരും നേടിയത് 98.8 ശതമാനം മാർക്കാണ് നേടിയത്. റിതി മിതേഷ് പട്ടേൽ ഇന്ത്യൻ സ്‌കൂൾ മസ്‌കത്തി(ഐ.എസ്.എം)ലും അക്ഷയ അളഗപ്പൻ ഇന്ത്യൻ സ്‌കൂൾ അൽ മാബിലയി(ഐ.എസ്.എ.എം)ലുമാണ് പഠിച്ചത്.

അതേസമയം, സി.ബി.എസ്.ഇ പ്ലസ്ടുവിൽ ഇന്ത്യൻ സ്‌കൂൾ ദർസൈത് വിദ്യാർഥി യദു കൃഷ്ണ ബാലകൃഷ്ണൻ ഒന്നാമതെത്തി. 99 ശതമാനം മാർക്കാണ് യദു നേടിയത്. തിങ്കളാഴ്ചയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ടൈംസ് ഓഫ് ഒമാനാണ് വിജയികളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ സ്‌കൂൾ അൽ മാബിലയിൽ നിന്നുള്ള ഭാർഗവി വൈദ്യ, വിശാഖ രാഹുൽ ഷിൻഡെ, ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ നിന്നുള്ള ആൻ സിനു കുര്യൻ എന്നിവർ പത്താം ക്ലാസ് പരീക്ഷയിൽ 98.6 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതായി ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് പറഞ്ഞു. മറ്റൊരു ഐഎസ്എം വിദ്യാർഥിയായ ആനന്ദിത ശശിദർ പത്താം ക്ലാസ് പരീക്ഷയിൽ 98.4 ശതമാനം സ്‌കോറോടെ മൂന്നാം സ്ഥാനം നേടി.

12ാം ക്ലാസ് സയൻസ് സ്ട്രീമിൽ ഇന്ത്യൻ സ്‌കൂൾ സലാലയിലെ സാദിയ ഖാത്തൂനും ഇന്ത്യൻ സ്‌കൂളിലെ സുഹാറിലെ അമൻ സജിയും 98 ശതമാനം വീതം സ്‌കോറോടെ രണ്ടാം സ്ഥാനം പങ്കിട്ടു. ഐ.എസ്.എമ്മിൽ നിന്നുള്ള നിത്യാന്ത് കാർത്തിക് റാവുവും ഇന്ത്യൻ സ്‌കൂൾ വാദി കബീറിലെ ഓജസ് പാണ്ഡേയും 97.8 ശതമാനം സ്‌കോറോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഒമാനിലെ 12ാം ക്ലാസ് കൊമേഴ്സ് സ്ട്രീമിൽ 98.6 ശതമാനം മാർക്ക് നേടി ഇന്ത്യൻ സ്‌കൂൾ വാദി കബീറിലെ ഗുഞ്ജൻ കർവാനി ഒന്നാമതെത്തി. ഇന്ത്യൻ സ്‌കൂൾ സുഹാറിലെ ജാമിഹിതേഷ് രാമയ്യ 97.4 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും അൽ ഗുബ്ര ഇന്ത്യൻ സ്‌കൂളിലെ ദേവിക ബാലകൃഷ്ണൻ 96.6 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

12ാം ക്ലാസ് ഹ്യുമാനിറ്റീസ് സ്ട്രീമിൽ ഇന്ത്യൻ സ്‌കൂൾ അൽ ഗുബ്രയിലെ (ഐ.എസ്.ജി) കിയാര ഡെനിസ് ഫ്രാങ്ക് 98.6 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.എസ്.എമ്മിലെ ഭൂമിക ഗുലാനിയും ഹൻസി താക്കൂറും 98 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും ഐ.എസ്.ജിയിലെ റിതിക ചന്ദ്രമോഹൻ 97.8 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈ വർഷം ഒമാനിലെ 21 ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർഥികൾ 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതിയിരുന്നു. ഏകദേശം 39 ലക്ഷം വിദ്യാർഥികളാണ് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ ആകെ പങ്കെടുത്തത്. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 13 വരെ നടത്തിയപ്പോൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News