താപനില 50 ഡിഗ്രിക്കടുത്ത്; കടുത്ത ചൂടിനെ പ്രതിരോധിച്ച് ഒമാൻ
ദാഹിറ ഗവർണറേറ്റിലെ ഹംറാഉദ്ദുറൂഅ് സ്റ്റേഷനിൽ ഞായറാഴ്ച താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്ത് വരെയെത്തി
മസ്‌കത്ത്: താപനില 50 ഡിഗ്രിക്കടുത്ത് എത്തിയിരിക്കെ ഒമാനിൽ കടുത്ത ചൂട്. ദാഹിറ ഗവർണറേറ്റിലെ ഹംറാഉദ്ദുറൂഅ് സ്റ്റേഷനിൽ ഞായറാഴ്ച താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്ത് വരെയെത്തി.
ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനിലെ എല്ലാ കാലാവസ്ഥാ സ്റ്റേഷനുകളിലും വെച്ച് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഹംറാഉദ്ദുറൂഅ് സ്റ്റേഷനിലാണ്. 48.9 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. 48.6 ഡിഗ്രി സെൽഷ്യസ് സുനൈനയിലും 48.1 ഡിഗ്രി സെൽഷ്യസ് അൽ വുസ്ത ഗവർണറേറ്റിലെ ഫഹൂദിലും കാണിച്ചു.
അൽ ബുറൈമി ഗവർണറേറ്റിലെ അൽ ബുറൈമി സ്റ്റേഷനിൽ 47.7 ഡിഗ്രി സെൽഷ്യസ്, ദാഹിറ ഗവർണറേറ്റിലെ ഇബ്രി സ്റ്റേഷനിൽ 47.4 ഡിഗ്രി സെൽഷ്യസ്, സമൈമിൽ 47.1 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയും രേഖപ്പെടുത്തി. ദമാഉ വത്ത്വാഈനിലും ആൽ ഖാബിലിലും 46.6 ഉം കാണിച്ചു.