ഗസ്സ വെടിനിർത്തൽ: ദോഹ ചര്‍ച്ചയില്‍ പുരോഗതിയെന്ന് മധ്യസ്ഥ രാജ്യങ്ങള്‍
കൈറോയിൽ അടുത്തയാഴ്ച വീണ്ടും യോഗം
ദോഹ: ഗസ്സ വെടിനിർത്തലിനായി ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ പുരോഗതി. ചർച്ചയുടെ അടുത്ത ഘട്ടം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ നടക്കും. ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട മധ്യസ്ഥ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ, 'ഇനി സമയം പാഴാക്കാനില്ലെന്നും, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും, വെടി നിർത്തൽ സാധ്യമാക്കാനും കരാറുകൾ നടപ്പാക്കാനുമുള്ള സമയമാണിത്' എന്നും വ്യക്തമാക്കി.
ഖത്തറിനൊപ്പം അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഗസ്സ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചത്. രണ്ട് ദിവസമായി ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ചർച്ചയിൽ പുരോഗതിയുള്ളതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. സമാധാന കരാറിനായി മധ്യസ്ഥ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ മാർഗനിർദേശം മുന്നോട്ട് വെച്ചുകൊണ്ടാണ് ദോഹ ചർച്ച അവസാനിച്ചത്. മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ മുന്നോട്ട് വെച്ച നിർദേശങ്ങളുടെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തിലുള്ള സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാവും തുടർ ചർച്ചകൾ.
ബന്ദിമോചനം, വെടിനിർത്തൽ കരാർ, അതിർത്തിയിലെ നിയന്ത്രണം, മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക സംഘം വിശദപരിശോധന നടത്തി അന്തിമ ധാരണയിലെത്തും. ഹമാസിന്റെ അസാന്നിധ്യത്തിലാണ് ദോഹയിൽ ചർച്ച നടന്നത്. മൊസാദ് തലവൻ ഡേവിഡ് ബെർണിയ,ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി റോനൻ ബാർ, മിലിട്ടറി ഹോസ്റ്റേജ് ചീഫ് നിറ്റ്‌സാൻ അലോൺ എന്നിവർ ഇസ്രായേൽ പക്ഷത്തു നിന്നും പങ്കെടുത്തു. സി.ഐ.എ ഡയറക്ടർ ബിൽ ബേൺസ്, യു.എസ് മിഡിൽഈസ്റ്റ് പ്രതിനിധി ബ്രെട്ട് മക്ഗർക്, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ആൽഥാനി, ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം തലവൻ അബ്ബാസ് കാമിൽ എന്നിവരായിരുന്നു മധ്യസ്ഥ പക്ഷത്തു നിന്നുള്ളത്. ഹമാസ് മാറി നിന്നെങ്കിലും ചർച്ചയിലെ നിർദേശങ്ങൾ അവരുമായി മധ്യസ്ഥർ ആശയവിനിമയം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.