അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സ മധ്യസ്ഥ ചർച്ചകൾ വീണ്ടും ദോഹയിൽ

ഗസ്സ സമാധാന ചർച്ചകൾ അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പുനഃരാരംഭിച്ചിരുന്നത്

Update: 2024-08-28 16:53 GMT
Advertising

ദോഹ: അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സ മധ്യസ്ഥ ചർച്ചകൾ വീണ്ടും ദോഹയിൽ കേന്ദ്രീകരിക്കുന്നു. കരാർ സാധ്യമാക്കുന്നതിന് ഖത്തർ തലസ്ഥാനത്ത് പ്രാരംഭ ചർച്ചകൾ തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ തുടർന്ന നിലച്ച ഗസ്സ സമാധാന ചർച്ചകൾ അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പുനഃരാരംഭിച്ചിരുന്നത്. ദോഹയിൽ നടന്ന ആദ്യഘട്ട ചർച്ചയിൽ പുരോഗതി ഉണ്ടാവുകയും ചെയ്തു. മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ട് വെച്ച നിർദേശങ്ങളുടെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തിൽ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു തീരുമാനം.

എന്നാൽ കെയ്‌റോയിൽ നടന്ന രണ്ടാംഘട്ട ചർച്ചയിൽ കാര്യമായ മുന്നേറ്റമുണ്ടായില്ല. ഇതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ മധ്യസ്ഥ ശ്രമങ്ങളാണ് ദോഹയിൽ വീണ്ടും പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയും അമേരിക്കൻ പ്രസിഡന്റിന്റെ മിഡീലീസ്റ്റ് അഡൈ്വസർ ബ്രെറ്റ് മക്ഗർക്കും കൂടിക്കാഴ്ച നടത്തി. പ്രാരംഭ ചർച്ചകളാണ് തുടങ്ങിയതെന്ന് അസോസിയേറ്റ് പ്രസ് അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ മധ്യസ്ഥ ചർച്ചകൾ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News