ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദനം; ഖത്തറിനോട് കൈകോര്‍ക്കാന്‍ ഇറ്റാലിയന്‍, അമേരിക്കന്‍ കമ്പനികള്‍
ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദന മേഖലയില്‍ പുതിയ പങ്കാളികളെ പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി. ഇറ്റാലിയന്‍ എണ്ണക്കമ്പനിയായ എനിയും അമേരിക്കന്‍ വാതക കമ്പനിയായ കൊനോക്കോ ഫിലിപ്‌സുമാണ് ഖത്തര്‍ എനര്‍ജിയുമായി കരാറിലെത്തിയത്.
നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് വിപുലീകരണ പദ്ധതിയിലാണ് ഇരു കമ്പനികളും സഹകരിക്കുക. 3000 കോടി ഡോളറിന്റെ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പദ്ധതിയില്‍ ടോട്ടല്‍ എനര്‍ജീസിനെ നേരത്തെ പങ്കാളിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിയന്‍, അമേരിക്കന്‍ കമ്പനികള്‍ കൂടി പദ്ധതിയുടെ ഭാഗമാകുന്നത്.
കരാര്‍ പ്രകാരം ഖത്തര്‍ എനര്‍ജി, എനിയുമായും കൊനോക്കോ ഫിലിപ്‌സുമായും ചേര്‍ന്ന് രണ്ട് ജോയിന്റ് വെന്‍ച്വര്‍ കമ്പനികളുണ്ടാക്കും. ഇതില്‍ ഖത്തര്‍ എനര്‍ജിക്കായിരിക്കും75 ശതമാനം ഓഹരിയും. നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പദ്ധതിയില്‍ ജോയിന്റ് വെന്‍ച്വര്‍ കമ്പനികള്‍ക്ക് 12.5 ശതമാനം വീതം ഓഹരിയാണ് ഉണ്ടാവുക. അതായത് ആകെ പ്രൊജക്ടിന്റെ 12.5 ശതമാനം വീതം ഓഹരിയുള്ള രണ്ട് കമ്പനികളിലാണ് എനിയും കൊനോക്കോ ഫിലിപ്‌സും പങ്കാളികളാകുന്നത്.
ഖത്തറിന്റെ പ്രകൃതി വാതക ഉല്‍പ്പാദനം കുത്തനെ ഉയര്‍ത്തുന്ന പദ്ധതിയാണ് നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രൊജക്ട്. നിലവിലെ 7.7 കോടി ടണ്ണില്‍ നിന്നും അഞ്ച് വര്‍ഷത്തിനകം 12.6 കോടി ടണ്ണിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.