21 വർഷത്തിന് ശേഷം നാട്ടിലേക്ക്; തൃശൂർ തളിക്കുളം സ്വദേശിക്ക് തുണയായത് പൊതുമാപ്പ്
സ്പോൺസറായിരുന്ന സൗദി സ്വദേശി രേഖകളുമായി പോയപ്പോൾ പ്രസാദിന്റെ ജീവിതം വഴിമുട്ടുകയായിരുന്നു
21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ പൊതുമാപ്പാണ് തുണയായത്. കൾച്ചറൽ ഫോറം പ്രവർത്തകരാണ് ഇദ്ദേഹത്തിന് നാടണയാൻ വഴിയൊരുക്കിയത്. ഡ്രൈവറായി ഫ്രീ വിസയിലാണ് പ്രസാദ് ഖത്തറിലെത്തിയത്. സൗദി സ്വദേശിയായിരുന്നു സ്‌പോൺസർ. എന്നാൽ എന്തുകൊണ്ടോ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. പിന്നെ ഒരു വിവരവുമില്ലാതായി. രേഖകളെല്ലാം അദ്ദേഹത്തിന്റെ കയ്യിലായതോടെ പ്രസാദിന്റെ ജീവിതം വഴിമുട്ടി. വിസ പുതുക്കാൻ കഴിയാതിരുന്നതോടെ പുറത്തിറങ്ങാൻ കഴിയാതെയായി. മെസുകളിലായി പിന്നീട് ജോലി. ശമ്പളം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടല്ല, ജീവൻ നിലനിർത്താൻ അൽപം ഭക്ഷണവും കിടക്കാനൊരു ഇടവും തേടിയായി പിന്നീട് ജീവിതം. പലരും അത് മുതലെടുത്തു. വർഷങ്ങൾ പണിയെടുപ്പിച്ച് ഒന്നും നൽകിയില്ല.
ആറ് വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങാൻ ശ്രമം നടത്തി. പക്ഷേ വിജയിച്ചില്ല, അതിനിടയ്ക്ക് അമ്മയുടെ മരണം സംഭവിച്ചു. പിന്നെ ആഗ്രഹങ്ങൾ ഇല്ലാതെയായി, സോഷ്യൽ മീഡിയയിൽ നിന്നാണ് പൊതുമാപ്പ് അറിഞ്ഞത്. സുഹൃത്ത് ദിനേശ് വഴി കൾച്ചറൽ ഫോറം പ്രവർത്തകരെ ബന്ധപ്പെട്ടു. രേഖകളെല്ലാം നഷ്ടപ്പെട്ടതിനാൽ ഇന്ത്യക്കാരനാണെന്ന് പോലും തെളിയിക്കേണ്ടിവന്നു. പരിശ്രമത്തിനൊടുവിൽ താൽക്കാലിക പാസ്‌പോർട്ട് ലഭിച്ചു. ഒടുവിൽ ജനുവരി 26 ന് പ്രസാദ് നാട്ടിലേക്ക് മടങ്ങുകയാണ്. ഗൾഫുകാരന്റെ പ്രൗഢിയോടെയല്ല. 21 വർഷത്തെ പ്രവാസം സമ്മാനിച്ച ഒഴിഞ്ഞ കയ്യുമായാണ് മടക്കം. മനസ്സ് നിറയെ നാടണയുന്നതിന്റെ ആശ്വാസമുണ്ട്. പക്ഷെ ആശങ്കയുടെ കാർമേഘങ്ങൾ മനസിൽ നിന്നും അകലുന്നില്ല. നാട്ടിലെത്തിയിട്ട് ഇനിയെന്തന്ന ചോദ്യം ഉയർന്നുനിൽക്കുകയാണ്.
Prasad, a native of Thalikulam, Thrissur, is happy to be back home after 21 years. Prasad, who lost all his documents, was helped by the amnesty in Qatar.