ഖത്തറിലെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി
അന്താരാഷ്ട്ര യാത്രമാർഗങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് സർട്ടിഫിക്കറ്റ് പരിഷ്‌കരിച്ചിരിക്കുന്നത്. ഇന്ന് പുതുതായി 83 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു
ഖത്തറിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി പുതുക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര യാത്രമാർഗങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് സർട്ടിഫിക്കറ്റ് പരിഷ്‌കരിച്ചിരിക്കുന്നത്. ഇന്ന് പുതുതായി 83 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു.
കോവിഡ് വാക്‌സിനേഷൻ ബൂസ്റ്റർ ഡോസ് നൽകുന്നത് ആരംഭിച്ചതോടെയാണ് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പുതുക്കിയത്. ബൂസ്റ്റർ ഡോസ് വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ലഭ്യമാകും. ഒപ്പം അന്താരാഷ്ട്ര യാത്രക്കാർക്ക് മറ്റ് രാജ്യങ്ങളിലെത്തുമ്പോൾ നടപടിക്രമങ്ങൾ എളുപ്പമാക്കും വിധം മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തർ എയർവേയ്‌സ് അയാട്ട ട്രാവൽ പാസായ ഡിജിറ്റൽ പാസ്‌പോർട്ട് മൊബൈൽ ആപ്പ്, യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് സർട്ടിഫിക്കറ്റിലെ മാറ്റം. അതേസമയം, നിലവിലെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ സാധുത നഷ്ടമാവില്ല. ഖത്തറിലും, രാജ്യത്തിന് പുറത്തെ ആവശ്യങ്ങൾക്കുമെല്ലാം നേരത്തെയുള്ള സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനകം കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മാറ്റങ്ങളോടുകൂടിയ പുതിയ സർട്ടിഫിക്കറ്റ് ബുധാനാഴ്ച മുതൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) അല്ലെങ്കിൽ തൗതീഖ് വെബ്‌സൈറ്റുകളിൽ നിന്നും യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് സ്വന്തമാക്കാം. ഒന്നും രണ്ടും ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് എടുത്ത് ഏഴു ദിവസത്തിനു ശേഷം ഓൺലൈൻ വഴി സർട്ടിഫിക്കറ്റ് ലഭ്യമാകും. ബൂസ്റ്റർ ഡോസ് എടുത്തവർക്ക് കുത്തിവെപ്പ് പൂർത്തിയാക്കി 24 മണിക്കൂറിനകവും സർട്ടിഫിക്കറ്റ് ലഭ്യമാവും. അതിനിടെ രാജ്യത്ത് ഇന്ന് പുതുതായി 83 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 62 പേർക്ക് സമ്പർക്കം വഴി രോഗം പകര്ന്നപ്പോൾ 21 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 896 പേരാണ് നിലവിൽ രാജ്യത്ത് രോഗികളായുള്ളത്.