അനവധി സവിശേഷതകളോടെ പുതിയ ദേശീയ ചിഹ്നം അവതരിപ്പിച്ച് ഖത്തർ
1976ന് ശേഷം ആദ്യമായാണ് ദേശീയ ചിഹ്നം നവീകരിക്കുന്നത്
ഒട്ടനവധി സവിശേഷതകളോടെയും പുതുമയോടെയും ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസാണ് പുതിയ ദേശീയ ചിഹ്നം പുറത്തുവിട്ടത്. പുതിയ ചിഹ്നം രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ശോഭന ഭാവിയെയും എംബ്ലത്തിലെ ചിഹ്നങ്ങൾ പ്രതിനിധീകരിക്കുന്നുണ്ട്.
മുൻ ലോഗോയിൽ ഉപയോഗിച്ച അതേ ഘടകങ്ങൾ നിലനിറുത്തിത്തന്നെയാണ് ചിഹ്നം പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. 1976ന് ശേഷം ആദ്യമായാണ് ദേശീയ ചിഹ്നം നവീകരിക്കുന്നത്.
ഖത്തറിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ പരമ്പരാഗത മോട്ടോർ പവർ ബോട്ടായ 'ഫത് അൽ ഖൈർ' എന്ന ബോട്ടിന്റെ ചിഹ്നവും ഖത്തറി പൈതൃകത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ കടലും ദേശീയ ചിഹ്നത്തിൽ ഉൾകൊള്ളുന്നുണ്ട്. ഒരു കാലത്ത് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു സമുദ്രം. കൂടാതെ രാജ്യത്തിന്റെ മൂന്നുവശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. ഖത്തറിന്റെ സാമ്പത്തിക വികസനത്തിൽ കടലിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് പുതിയ ചിഹ്നം.
ചിഹ്നത്തിലെ വാൾ അഭിമാനത്തിന്റെയും കരുത്തിന്റെയും കരുതലിന്റെയും സുരക്ഷയുടേയും പ്രതീകമായാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തിന്റെ മറ്റൊരു മുഖമായ ഈന്തപ്പനയേയും പുതിയ ചിഹ്നത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.