ദമ്മാം-കണ്ണൂര്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കണം: ഒഐസിസി ദമ്മാം കണ്ണൂര്‍ ജില്ലാ കമ്മറ്റി
ദമ്മാം: ദമ്മാം-കണ്ണൂര്‍ സെക്റ്ററില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഉണ്ടായിരുന്ന ഗോഫസ്റ്റ് എയര്‍ വിമാന സര്‍വ്വീസ് നിര്‍ത്തലാക്കിയത് നിരുത്തരവാദപരവും, ഈ മേഖലയിലെ പ്രവാസികളോടുള്ള കടുത്ത ദ്രോഹവുമാണെന്ന് ദമ്മാം കണ്ണൂര്‍ ജില്ല ഒ ഐ സി സി കമ്മറ്റി ആരോപിച്ചു. ആഴ്ചയില്‍ ഏഴ് ദിവസവും ഈ സെക്റ്ററില്‍ വിമാന സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് മുസ്തഫ നന്നിയൂര്‍ നമ്പ്രത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒ ഐ സി സി കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുസ്തഫ പ്രമേയം അവതരിപ്പിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് കോഴിക്കോട് ജില്ലയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പ്രവാസികളുടെ ചിരകാല സ്വപനമാണ് മട്ടന്നൂരില്‍ പൂവണിഞ്ഞ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളം. വര്‍ഷങ്ങളായുളള മുറവിളിയുടെ ഫലമായി ന്യൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാന താവളം ദക്ഷിണേന്ത്യയിലെ തന്നെ പുതിയതും, പുതുമകള്‍ ഒരുപാടുള്ളതുമായ വിമാനത്താവളമാണ്.
ആഴ്ചയില്‍ വെള്ളി, തിങ്കള്‍ ദിവസങ്ങളിലായി ഗോഫസ്റ്റ് എയര്‍ലൈന്‍സ് രണ്ടു സര്‍വ്വീസേ നടത്തിയിരുന്നൊള്ളുവെങ്കിലും, സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവിശ്യകളില്‍ ഒന്നായ കിഴക്കന്‍ പ്രവിശ്യയിലെ കണ്ണൂരിന്റെയും പരിസര ജില്ലകളിലെയും പ്രവാസികളെ സംബന്ധിച്ചേടത്തോളം വലിയ ആശ്വാസം തന്നെയായിരുന്നു.
ഖത്തര്‍ അതിര്‍ത്തി പ്രദേശമായ സല്‍വ മുതല്‍, അല്‍ ഹസ, ബഖൈക്ക്, ഖോബാര്‍, ദമ്മാം, ഖത്തീഫ് ,റസ്തനൂറ, സഫ്വ, ജുബൈല്‍ വരെയുള്ള ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ക്കും, കണ്ണൂരിന്റെയും പരിസര പ്രദേശങ്ങളിലെയും ചരിത്ര സ്മാരകങ്ങള്‍ കാണാനും പഠിക്കാനും, പ്രകൃതി ഭംഗി ആശ്വദിക്കാനുമാഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്കും തെല്ലൊരാശ്വാസമായിരുന്ന ദമ്മാം-കണ്ണൂര്‍ റൂട്ടിലെ വിമാനസര്‍വ്വീസ് റദ്ദ് ചെയ്തതിലൂടെ ആയിരക്കണക്കിനു് ജനങ്ങളുടെ സ്വപ്നങ്ങളുടെ ചിറകാണരിഞ്ഞിരിക്കുന്നതെന്നും ഒ ഐ സി സി ദമ്മാം കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാണിച്ചു.
സര്‍വീസ് യാതൊരു വിധ മുന്നറിയിപ്പോ മതിയായ കാരണമോ കൂടാതെ നിര്‍ത്തലാക്കിയത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും, ആഴ്ചയില്‍ എല്ലാ ദിവസവും ദമ്മാമില്‍ നിന്നും കണ്ണൂരിലേക്കും, തിരിച്ചും വിമാന സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും ഇന്ത്യന്‍ വിദേശകാര്യ ,വ്യോമയാന മന്ത്രിമാരോടും മറ്റു ബന്ധപ്പെട്ട വകുപ്പു മേധാവികളോടും ഒ ഐ സി സി ആവശ്യപ്പെട്ടു.
ഒ ഐ സി സി യുടെ പുതിയ മെമ്പര്‍ഷിപ്പ് കാര്‍ഡുകളുടെ വിതരണവും കണ്‍വെന്‍ഷനില്‍ വെച്ച് നടന്നു. ദമ്മാം റീജ്യണല്‍ വൈസ് പ്രസിഡന്റ് ഹനീഫ റാവുത്തര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഒഐസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസ്ലം ഫറോക്ക്, പി പി ഫാറൂഖ്, പ്രകാശന്‍ കണ്ണൂര്‍, ആരിഫ്, ഷംസീര്‍ കോറളായി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷിബു ശ്രീധരന്‍ സ്വാഗതവും, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ജിബിന്‍ തോമസ് നന്ദിയും പറഞ്ഞു.