വേള്‍ഡ് ഡിഫന്‍സ് ഷോയിലെ സൗദി മന്ത്രാലയത്തിന്റെ പവലിയന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി
റിയാദ്: ഈ മാസം സൗദിയില്‍വെച്ച് നടക്കുന്ന വേള്‍ഡ് ഡിഫന്‍സ് ഷോയിലെ സൗദി പവലിയന്റേയും അനുബന്ധ പരിപാടികളുടേയും ഒരുക്കങ്ങള്‍ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ ഹുസൈന്‍ അല്‍ ബയാരിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് വിലയിരുത്തി.
ഈ മാസം 6 മുതല്‍ 9 വരെയാണ് ലോകത്തെ പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ വേള്‍ഡ് ഡിഫന്‍സ് ഷോ നടക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് പവലിയനിലെ അവസാനഘട്ട തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും വിലയിരുത്തിയ അദ്ദേഹം, മന്ത്രാലയം നടത്താനുദ്ദേശിക്കുന്ന വിവിധ പ്രതിരോധ പ്രദര്‍ശനങ്ങള്‍ വിശദീകരിച്ചു.
ലോകത്തെ പ്രമുഖ പ്രതിരോധ, സുരക്ഷാ സ്ഥാപനങ്ങളുടെ അതിനൂതന പ്രതിരോധ, സാങ്കേതിക സംവിധാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേള രണ്ട് വര്‍ഷത്തിലൊരിക്കലാണ് സംഘടിപ്പിക്കാറുള്ളത്. ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ആണ് മേല്‍നോട്ടം വഹിക്കുന്നത്.
സൗദി വിഷന്‍2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗം കൂടിയാണ് ഈ മേള. പ്രതിരോധ-സുരക്ഷാ മേഖലകള്‍ വികസിപ്പിക്കുന്നതിനും സൗദിയുടെ പ്രതിരോധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ മുതല്‍ക്കൂട്ടാവാന്‍ വേള്‍ഡ് ഡിഫന്‍സ് ഷോയ്ക്ക് സാധിക്കും.