സൗദിയിൽനിന്ന് ആദ്യ ചലച്ചിത്രം; ജീവകാരുണ്യ പ്രവർത്തക സഫിയയുടെ ജീവിതം സിനിമയാകുന്നു
ദമ്മാമിലെ ഒരുകൂട്ടം മലയാളി കലാകാരന്മാരാണ് ചിത്രത്തിന്റെ അണിയറയിൽ. സൗദിയിലും കേരളത്തിലുമായാണ് ചിത്രീകരണം
സൗദി കിഴക്കൻ പ്രവിശ്യയിലെ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന അന്തരിച്ച സഫിയ അജിത്തിന്റെ ജീവിതം സിനിമയാകുന്നു. ദമ്മാമിലെ ഒരു കൂട്ടം കലാകാരന്മാരുടെ ശ്രമത്തിലാണ് സൗദിയിൽനിന്നുള്ള ആദ്യ ചലച്ചിത്രം ഒരുങ്ങുന്നത്. സൗദിയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുക.
'സഫിയ' എന്ന പേരിലാണ് ചിത്രം നിർമ്മിക്കുന്നത്. സബീന എം സാലി രചിച്ച 'തണൽപ്പെയ്ത്ത്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ദമ്മാമിലെ ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്ന സഫിയയുടെ ജീവിതാനുഭവങ്ങൾ പകർത്താൻ ഹൃസ്വചിത്രവും ഡോക്യുമെന്ററിയും മതിയാവാതെ വരുമെന്നതിലാണ് തങ്ങൾ ഈ ഉദ്യമത്തിന് മുതിർന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.
ദമ്മാമിലുള്ള സഹീഷ കൊല്ലമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തേജോമയ ഫിലിംസിന്റെ ബാനറിലാണ് നിർമാണം. പ്രവാസികളായ കലാകാരന്മാരും നാട്ടിൽനിന്നുള്ളവരും ചിത്രത്തിൽ വേഷമിടും. സതീഷ്‌കുമാർ, ജേക്കബ് ഉതപ്പ്, ഷഹീർഷ കൊല്ലം, വിനോദ് കെ കുഞ്ചു, നിതിർ കണ്ടംബേത്ത്, മഹീന്ദ്രൻ ജനാർദ്ദനൻ, മോജിത്ത് മോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.